തിരുവനന്തപുരം: തലസ്ഥാനത്ത് കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. ആറ് വാര്‍ഡുകളിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ആറ്റുകാല്‍ ( 70-ാം വാര്‍ഡ് ), കുരിയാത്തി ( 73 -ാം വാര്‍ഡ് ), കളിപ്പാന്‍ കുളം ( 69 -ാം വാര്‍ഡ് ), മണക്കാട് ( 72 -ാം വാര്‍ഡ് ), ടാഗോര്‍ റോഡ് തൃക്കണ്ണാപുരം ( 48 -ാം വാര്‍ഡ്), പുത്തന്‍പാലം വള്ളക്കടവ്( 88 -ാം വാര്‍ഡ്) എന്നിവയാണ് ജില്ലാ കളക്ടര്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചത്. ഇവിടെ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കും. ചാല, നെടുംകാട്, കാലടി, കമലേശ്വരം, അമ്ബലത്തറ എന്നിവിടങ്ങള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ട മേഖലകളായി കണക്കാക്കും.
ഇപ്പോള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കും. ചാല, പാളയം തുടങ്ങിയ പ്രധാനചന്തകളില്‍ കഴിഞ്ഞദിവസം തന്നെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ജില്ലയില്‍ പുതുതായി എണ്ണൂറ്റി ഇരുപത്തിയേഴ്പേര്‍ കൂടി നിരീക്ഷണത്തിലായി. പുത്തന്‍പാലം വള്ളക്കടവ് സ്വദേശിയും വി.എസ്.സി.സിയിലെ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനുമായ അറുപതുകാരന്‍, മണക്കാട് സ്വദേശിയും വി.എസ്.എസ്.സി ഉദ്യോഗസ്ഥനുമായ നാല്‍പ്പത്തിയൊന്നുകാരന്‍ എന്നിവരാണ് യാത്രാപശ്ചാത്തലമില്ലാതെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഒരാള്‍ക്ക് ഈമാസം 18ന് രണ്ടാമത്തെയാള്‍ക്ക് പതിനഞ്ചിനുമാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്.
തമിഴ്നാട്ടില്‍ നിന്ന് എത്തിയ 28കാരന്‍, മഹാരാഷ്ടയില്‍ നിന്ന് എത്തിയ 68 വയസ്സുള്ള ചിറയിന്‍കീഴ് സ്വദേശി, എന്നിവരാണ് രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍. മണക്കാട് മാര്‍ക്കറ്റ് ജംഗ്ഷനില്‍ സ്റ്റേഷനറി കട നടത്തുന്ന ആള്‍ക്കും ഭാര്യക്കും കുട്ടിക്കും രോഗമുണ്ടായി. ഇവര്‍ നേരത്തെ രോഗം സ്ഥിരീകരിച്ചയാളിന്റെ സമ്ബര്‍ക്കപ്പട്ടികയിലുണ്ടായിരുന്നു.15 വയസുള്ള ആണ്‍കുട്ടി, 42 വയയുള്ള സ്ത്രീ, 50 വയസുള്ള പുരുഷന്‍ എന്നിവര്‍ക്കാണ് മണക്കാട് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ പുതുതായി 827 പേര്‍ രോഗനിരീക്ഷണത്തിലായി. 422 പേര്‍ നിരീക്ഷണ കാലയളവ് രോഗലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കിയത് ആശ്വാസമായി.
നേരത്തെ കൊവിഡ് സ്ഥിരീകരിച്ച മണക്കാട് സ്വദേശിയായ ഓട്ടോ ഡ്രൈവറില്‍ നിന്ന് മൂന്ന് പേര്‍ക്ക് കൂടി രോഗം പിടിപെട്ടു. ഇയാളുടെ മൂന്ന് ബന്ധുക്കള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ഓട്ടോ ഡ്രൈവറില്‍ നിന്ന് രോഗം കിട്ടിയവരുടെ എണ്ണം ആറായി. ഓട്ടോ ഡ്രൈവര്‍ സഞ്ചരിച്ച പ്രദേശങ്ങളില്‍ നിന്ന് ശേഖരിച്ച 869 സാമ്ബിളുകളുടെ ഫലം കൂടി കിട്ടാനുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന് പോകുന്നവരുടെ എണ്ണം കൂടുതലായതിനാല്‍ തിരുവനന്തപുരത്ത് അതീവ ശ്രദ്ധ വേണമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.
തലസ്ഥാനത്ത് ഉറവിടമറിയാത്ത രോഗവ്യാപനം കണക്കിലെടുത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കഴിഞ്ഞദിവസം ജില്ലയിലെ എം.എല്‍.എമാരുടെയും കോര്‍പറേഷനില്‍ കക്ഷിനേതാക്കളുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും യോഗം വിളിച്ചിരുന്നു. യോഗതീരുമാനങ്ങള്‍ കര്‍ശനമായി നടപ്പാക്കാനാണ് ജില്ലാഭരണകൂടത്തിന്റെ തീരുമാനം.