ചെന്നൈ: പുകഴ്ത്തല്‍ മൂലം പൊറുതിമുട്ടിയ അവസ്ഥയില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. നിയമസഭയില്‍ ആവശ്യത്തിനും അനാവശ്യത്തിനും തന്നെ പ്രശംസിച്ചാല്‍ അവര്‍ക്കെതിരെ ഇനി നടപടിയെടുക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കി എം.കെ സ്റ്റാലിന്‍.

തമിഴ്‌നാട്ടില്‍ നിയമസഭാ സമ്മേളനം നടക്കുകയാണ് . സഭാ സമ്മേളനം തുടങ്ങിയത് മുതല്‍ പ്രസംഗിക്കുന്ന എല്ലാ എം.എല്‍.എമാരും മുഖ്യമന്ത്രിയെ വാനോളം പുകഴ്ത്തുന്നുണ്ട്. കേട്ട് മടുത്തതോടെയാണ് പരിപാടി അവസാനിപ്പിക്കാന്‍ സ്റ്റാലിന് നേരിട്ടിടപെട്ടത്‌ . എല്ലാത്തിനും ഒരു പരിധിയുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

എം.എല്‍.എമാര്‍ക്ക് ഗ്രാന്‍ഡ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയിലാണ് പുകഴ്ത്തല്‍ അരോചകമായി മാറിയത് .അനാവശ്യമായി നേതാക്കളെ പുകഴ്ത്തി സമയം കളയരുതെന്ന മുന്നറിയിപ്പും ഇനിയും ആവര്‍ത്തിച്ചാല്‍ നടപടിയുണ്ടാകുമെന്ന താക്കീതുമാണ് അദ്ദേഹം പാര്‍ട്ടി എം.എല്‍.എമാര്‍ക്ക് നല്‍കുന്നത്.

അതെ സമയം സ്റ്റാലിന് മുന്‍പും തമിഴ്‌നാട്ടില്‍ സഭയ്ക്കുള്ളില്‍ മുഖ്യമന്ത്രിമാരെ പുകഴ്ത്തുന്നത് പതിവായിരുന്നു. അതെ സമയം പല കാര്യങ്ങളിലും മാതൃകാപരമായ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്ന സ്റ്റാലിന്‍ ഇക്കാര്യത്തിലും തന്റേതായ നിലപാട് സ്വീകരിച്ച്‌ തീര്‍ത്തും വ്യത്യസ്തനാവുകയാണ് ചെയ്തത് .