കൊച്ചി: കശുവണ്ടി വികസന കോര്പ്പറേഷന് അഴിമതി കേസില്‍ വ്യവസായ വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് നേരിട്ട് ഹാജരാകാത്തതില്‍ വിമര്‍ശനവുമായി ഹൈക്കോടതി. തന്ത്രങ്ങള്‍ കോടതിയോട് വേണ്ടെന്ന് ജസ്റ്റീസ് എ. ബദറുദ്ദീന്‍ പറഞ്ഞു. തിങ്കളാഴ്ച ഹാജരായില്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള കടുത്ത നിയമനടപടി നേരിടേണ്ടി വരുമെന്നും കോടതി അറിയിച്ചു.
മുഹമ്മദ് ഹനീഷിനോട് ഇന്ന് നേരിട്ട് ഹാജരാകാണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ബജറ്റിന്റെ തിരക്കിലാണ് എന്നാണ് ഹനീഷ് കോടതിയില്‍ അറിയിച്ചത്. ഇതോടെയാണ് തിങ്കളാഴ്ച ഹാജരാകണമെന്ന് കോടതി അന്തിമശാസനം നല്‍കിയത്. പുതിയ വ്യവസായ വകുപ്പ് സെക്രട്ടറി കെ. ബിജുവിനെയും കേസില്‍ കക്ഷിച്ചേര്‍ത്തു.
വിദേശത്ത് നിന്നും അസംസ്കൃത കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ 500 കോടിയുടെ അഴിമതി നടന്നതായാണ് സിബിഐ കണ്ടെത്തിയത്. കശുവണ്ടി വികസന കോര്പറേഷന് മുന്‍ ചെയര്മാന് ആര്. ചന്ദ്രശേഖര്‍, മുന്‍ എംഡി കെ.എ. രതീഷ് എന്നിവർക്കെതിരേയാണ് 2020ല്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.
ആര്. ചന്ദ്രശേഖറെയും കെ.എ രതീഷിനെയും വിചാരണ നടത്താന്‍ അനുമതി നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നടപ്പാക്കാത്തതിനാണ് മുഹമ്മദ് ഹനീഷിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്.



