കണ്ണൂരില്‍ ഇത്തവണയും ഇടത് തരംഗം. കണ്ണൂര്‍ കോര്‍പറേഷന്‍ ഒഴികെയുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ എല്‍ഡിഎഫിന് വന്‍ മുന്നേറ്റം. പുതിയതായി ആറ് പഞ്ചായത്തുകള്‍ കൂടി എല്‍ഡിഎഫ് പിടിച്ചെടുത്തു. നഗരസഭകളിലും എല്‍ഡിഎഫിനാണ് മികച്ച വിജയം നേടനായത്. ജില്ലയിലെ 12 തദ്ദേശ സ്ഥാപനങ്ങളില്‍ എല്‍ഡിഎഫ് സമ്പൂര്‍ണ വിജയം നേടി.

ആകെയുള്ള 71 പഞ്ചായത്തുകളില്‍ 56 ഇടത്തും അധികാരമുറപ്പിച്ചാണ് ജില്ലയിലെ എല്‍ഡിഎഫ് തേരോട്ടം. തെരഞ്ഞെടുപ്പ് നടന്ന എട്ട് നഗരസഭകളില്‍ നാലിടത്തും എല്‍ഡിഎഫ് ഭൂരിപക്ഷം നിലനിര്‍ത്തി. കടുത്ത മത്സരം നടന്ന ഇരിട്ടിയില്‍ ആര്‍ക്കും ഭൂരിപക്ഷത്തോളം എത്താനായില്ലെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയായത് എല്‍ഡിഎഫ് ആണ്. കഴിഞ്ഞ തവണ 11 ബ്ലോക്ക് പഞ്ചായത്തുകളിലും ആധിപത്യം ഉറപ്പിച്ച എല്‍ഡിഎഫിന് ഇത്തവണ നഷ്ടമായത് ഇരിക്കൂറാണ്. കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റ് വര്‍ധിപ്പിച്ച് ജില്ലാ പഞ്ചായത്ത് ഭരണവും എല്‍ഡിഎഫ് കൈപ്പിടിയിലൊതുക്കി. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ മുന്നണി പ്രവേശം മലയോര മേഖലയില്‍ എല്‍ഡിഎഫിന്റെ കരുത്തു വര്‍ധിപ്പിച്ചു. ഉദയഗിരി, ചെറുപുഴ, പയ്യാവൂര്‍, ആറളം, കണിച്ചാര്‍ പഞ്ചായത്തുകള്‍ യുഡിഎഫില്‍ നിന്ന് പിടിച്ചെടുക്കാനായതില്‍ ജോസ് വിഭാഗത്തിന്റെ പങ്ക് നിര്‍ണായകമാണ്.

എല്‍ജെഡി ക്ക് സ്വാധീനമുള്ള കുന്നോത്തുപറമ്പ് പഞ്ചായത്തിലും എല്‍ഡിഎഫ് ഭരണം പിടിച്ചു. എന്നാല്‍ കടമ്പൂര്‍ പഞ്ചായത്ത് ഇടതിന് നഷ്ടപ്പെട്ടു. യുഡിഎഫ് അധീനതയിലുണ്ടായിരുന്ന കൊട്ടിയൂര്‍ പഞ്ചായത്തില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്.കടുത്ത പോരാട്ടം നടന്ന കണ്ണൂര്‍ കോര്‍പറേഷനില്‍ മികച്ച വിജയം നേടാനായതാണ് യുഡിഎഫിന്റെ ആശ്വാസം. 55 വാര്‍ഡുകളില്‍ 34 ഇടത്തും വിജയിച്ചാണ് യുഡിഎഫ് കരുത്ത് കാട്ടിയത്. എന്നാല്‍ കാനത്തൂരിലെ വിമതന്റെ വിജയം യുഡിഎഫിന് തിരിച്ചടിയായി.ആന്തൂര്‍ നഗരസഭയും പാനൂര്‍ ബ്ലോക്ക് പഞ്ചായത്തുമടക്കം പന്ത്രണ്ട് തദ്ദേശ സ്ഥാപനങ്ങളില്‍ പ്രതിപക്ഷമില്ലാതെയാണ് എല്‍ഡിഎഫ് ഇത്തവണയും തെരഞ്ഞെടുക്കപ്പെട്ടത്. കണ്ണൂര്‍ കോര്‍പറേഷനിലടക്കം 46 ഇടത്ത് വിജയിച്ച് ബിജെപി കരുത്തുകാട്ടി. തലശേരി നഗരസഭയില്‍ പ്രധാന പ്രതിപക്ഷമാകാനും ബിജെപിക്ക് കഴിഞ്ഞു. ജില്ലയിലെ 13 വാര്‍ഡുകളില്‍ എസ്ഡിപിഐയും നാലിടത്ത് വെല്‍ഫെയര്‍ പാര്‍ട്ടിയും വിജയിച്ചു