കിഴക്കമ്പലം ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ തൊട്ടതെല്ലാം പൊന്നാക്കിയതിനു പിന്നാലെ, അടുത്ത വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച് കിഴക്കമ്പലം ആസ്ഥാനമായ ട്വന്റി20 ജനകീയ കൂട്ടായ്മ. ഇത്തവണ മത്സരിച്ച നാലു പഞ്ചായത്തുകളിലും ഭരണം പിടിച്ച് തകർപ്പൻ പ്രകടനം കാഴ്ചവച്ചതിനു പിന്നാലെയാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തീരുമാനം ട്വന്റി20 ചീഫ് കോ ഓർഡിനേറ്റർ സാബു ജേക്കബ് പ്രഖ്യാപിച്ചത്.
കിഴക്കമ്പലം പഞ്ചായത്തിൽ ഭരണം നിലനിർത്തിയ ട്വന്റി20 ഐക്കരനാട്, കുന്നത്തുനാട്, മഴുവന്നൂർ പഞ്ചായത്തുകളിലാണ് ഭരണം നേടിയത്. ഇതിൽ ഐക്കരനാട് പഞ്ചായത്തിൽ പ്രതിപക്ഷം പോലുമില്ലാതെ 14 സീറ്റുകളും തൂത്തുവാരി. അന്ന–കിറ്റക്സ് ഗ്രൂപ്പിന്റെ സിഎസ്ആർ സംരംഭമാണ് ട്വന്റി20യെന്ന വിമർശനങ്ങളെ സാബു ജേക്കബ് തള്ളിക്കളഞ്ഞു.
2012ലാണ് ട്വന്റി20 പ്രവർത്തനം ആരംഭിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അന്ന് സിഎസ്ആർ ബിൽ പോലും പാസായിട്ടില്ല. ട്വന്റി20യുടെ പഞ്ചായത്ത് ഭരണവും സിഎസ്ആറും തമ്മിൽ യാതൊരു ബന്ധവുമില്ല. പഞ്ചായത്തിന്റെ ഫണ്ട് തന്നെ അഴിമതിയില്ലാതെ കാര്യക്ഷമമായി ഉപയോഗിക്കുകയാണ് ട്വന്റി20 ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
‘ട്വന്റി20യുടെ കിഴക്കമ്പലത്തെ വിജയം കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണത്തിന്റെ വിലയിരുത്തലാണ്. പലരും കളിയാക്കിയെങ്കിലും ജനങ്ങൾ അതെല്ലാം തള്ളിക്കളഞ്ഞ് ഇതാണ് ശരിയായ ജനാധിപത്യ ഭരണമെന്ന് അംഗീകരിച്ചു. നാലു പഞ്ചായത്തുകളിലാണ് മത്സരിച്ചത്. അതിൽ ഐക്കരനാട് പഞ്ചായത്തിലെ വിജയം എടുത്തുപറയേണ്ടതാണ്. അവിടെയുള്ള 14 വാർഡുകളിലും അഞ്ഞൂറും അറുന്നൂറും വോട്ടിനാണ് ട്വന്റി20 സ്ഥാനാർഥികൾ ജയിച്ചത്’ – സാബു ജേക്കബ് പറഞ്ഞു.
മഴുവന്നൂർ പഞ്ചായത്തിൽ 19 വാർഡുകളിലും മത്സരിച്ചു. 14 സീറ്റുകളിൽ ജയിച്ചു. കുന്നത്തുനാട് പഞ്ചായത്തിൽ 19 വാർഡുകളിൽ 16 ഇടത്തു മത്സരിച്ചു. അതിൽ 11 വാർഡുകളിലും ജയിച്ചു. ഈ മൂന്നു പഞ്ചായത്തുകളിലും ഭരണം ഏറ്റെടുക്കും. കൂടാതെ വടവുകോട് ബ്ലോക്ക് പഞ്ചായത്തിൽ ഏഴു ഡിവിഷനിലേക്ക് മത്സരിച്ചതിൽ ആറിലും ജയിച്ചു. ഇവിടെ 13 ഡിവിഷനുകളാണ് ആകെയുള്ളത്.
ജില്ലാ പഞ്ചായത്തിൽ രണ്ട് ഡിവിഷനുകളിലാണ് മത്സരിച്ചത്. കോലഞ്ചേരി ഡിവിഷനിൽ ഞങ്ങളുടെ സ്ഥാനാർഥി വിജയിച്ചു. വെങ്ങോല ഡിവിഷനിൽ വലിയ ലീഡുണ്ട്. വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിൽ നാലു ഡിവിഷനിൽ മത്സരിച്ചതിൽ രണ്ടിടത്തെ ഫലം വന്നു. ബാക്കി രണ്ട് ഡിവിഷനിലെ ഫലം കാത്തിരിക്കുന്നു. കേരളത്തിലെ പ്രധാന രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽനിന്ന് ജനങ്ങൾ അകന്നുപോകുകയാണ്.
മറ്റു ചില പഞ്ചായത്തുകളിലും ഞങ്ങൾ ചർച്ചകൾ നടത്തുകയും നിർദേശങ്ങളും സഹായങ്ങളുമൊക്കെ ചെയ്തു കൊടുക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ഈ പഞ്ചായത്തുകളിൽ മത്സരിച്ചവർ ഞങ്ങളുടെ നേരിട്ടുള്ള നിയന്ത്രണത്തിലല്ല. ഞങ്ങളുമായി അവർക്ക് ബന്ധവുമില്ല. അവരൊക്കെ സ്വന്തമായി സംഘടന രൂപീകരിച്ചാണ് മത്സരിച്ചത്. അവരിൽ പലരും ജയിച്ചിട്ടുണ്ട്.
രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽനിന്നു ജനങ്ങൾ അകന്നു പോകുകയാണെന്ന് ഇതൊക്കെ അടിവരയിടുന്നു. ബദൽ സംവിധാനങ്ങള്‍ ഇല്ലാത്തതിനാലാണ് പല സ്ഥലങ്ങളിലും ആളുകൾ രാഷ്ട്രീയ പാർട്ടികൾക്ക് വോട്ടു ചെയ്യുന്നത്. കുന്നത്തുനാടും ഐക്കരനാട്ടിലുമൊക്കെ ട്വന്റി20 രംഗത്തു വന്നപ്പോൾ അതിനെ ഏറ്റെടുക്കാനും വിജയിപ്പിക്കാനും ജനങ്ങൾ തയാറായത് മാറ്റം ആഗ്രഹിക്കുന്നതു കൊണ്ടാണ് – സാബു ജേക്കബ് അവകാശപ്പെട്ടു.



