പാലക്കാട്/കൊച്ചി: മംഗള എക്സ്പ്രസ് ട്രെയിനിലെ പാലക്കാട് ജില്ലക്കാരായ 2 എസി മെക്കാനിക്കുകള്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 18നു നിസാമുദ്ദീനില്‍ നിന്നെത്തിയ ട്രെയിനിലെ ജീവനക്കാരാണിത്. ഇവര്‍ ട്രെയിനില്‍ ജോലി ചെയ്ത ദിവസങ്ങളില്‍ എസി കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെ കണ്ടെത്തി ക്വാറന്റീന്‍ ചെയ്യേണ്ടി വരും. ലോക്ഡൗണ്‍ ഇളവുകള്‍ പ്രകാരം മംഗള എക്സ്പ്രസ് സര്‍വീസ് ആരംഭിച്ചപ്പോള്‍ രണ്ടു ട്രിപ്പുകളില്‍ ഇവര്‍ രണ്ടു പേരും ജോലി ചെയ്തിട്ടുണ്ട്. രണ്ടാമത്തെ ട്രിപ്പിനു ശേഷം തിരികെ എത്തിയപ്പോഴാണു രോഗം സ്ഥിരീകരിച്ചത്.
അതേസമയം, കേരളത്തില്‍ 127 പേര്‍ക്ക് കൂടി വ്യാഴാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു. കൊല്ലം ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, തൃശ്ശൂര്‍ ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും, തിരുവനന്തപുരം, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, കണ്ണുര്‍, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, എറണാകുളം ജില്ലയില്‍ ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.