സൗത്ത് കരോലിന: സൗത്ത് കരോലിനയിൽ നിന്ന് കാണാതായ ജേക്കബ് വില്യംസനെന്ന 18 കാരനായ ട്രാൻസ്ജെൻഡർ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി.
കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് വില്യംസനെ കാണാതായതായി എന്ന് വീട്ടുകാർ നോർത്ത് കരോലിനയിലെ യൂണിയൻ കൗണ്ടി ഷെരീഫ് ഓഫിസിനെ അറിയിച്ചത്. ഒരു മാസമായി ഓൺലൈനിൽ ഒരാളുമായി സംസാരിച്ചിരുന്ന വില്യംസൻ അദ്ദേഹത്തെ നേരിട്ട് കാണുമെന്ന് മുമ്പ് പറഞ്ഞിരുന്നതായി വീട്ടുകാർ പോലീസിനെ അറിയിച്ചിരുന്നു.
ഓൺലൈനിൽ പരിചയപ്പെ ജോഷ്വ ന്യൂട്ടൺ എന്നയാൾ വില്യംസിനെ അകലെയുള്ള മൺറോയിലെ തന്റെ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയതായി പോലീസ് അനേഷ്വണത്തിൽ കണ്ടെത്തി. സൗത്ത് കരോലിനയിലെ ലോറൻസിൽ വില്യംസൺ ജോലി ചെയ്തിരുന്ന റസ്റ്റോറന്റിൽ എത്തിയാണ് ഇയാൾ കൂട്ടിക്കൊണ്ടു പോയത്.
ബുധനാഴ്ച ന്യൂട്ടണിന്റെ വീട്ടിൽ നിന്ന് ഏതാനും മൈൽ അകലെയുള്ള റോഡിന്റെ വശത്താണ് വില്യംസിന്റെ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ ന്യൂട്ടണിനെയും കാമുകി വിക്ടോറിയ സ്മിത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു.
വില്യംസനെ ന്യൂട്ടൺ വീട്ടിൽ വച്ച് കൊലപ്പെടുത്തിയെന്നും മൃതദേഹം ഒളിപ്പിക്കാൻ സ്മിത്ത് സഹായിച്ചെന്നുമാണ് നിഗമനമെന്ന് പോലീസ് പറയുന്നു.
25 കാരനായ ന്യൂട്ടനെതിരേ ഫസ്റ്റ് ഡിഗ്രി കൊലപാതകം, നീതി തടസപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 22 കാരിയായ സ്മിത്തിനെതിരേ മൃതദേഹം ഒളിപ്പിക്കാൻ സഹായിച്ച കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കൊലപാതകം സംബന്ധിച്ച അന്വേഷണം തുടരുകയാണ്.