ഗാസയുടെ പുനർനിർമ്മാണത്തിനായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് രൂപീകരിച്ച ‘ബോർഡ് ഓഫ് പീസ്’ (Board of Peace) എന്ന സമാധാന ബോർഡിന്റെ ആദ്യ യോഗത്തിൽ ഇന്ത്യ പങ്കെടുത്തു. അംഗരാജ്യമായല്ല, മറിച്ച് നിരീക്ഷക രാജ്യമായാണ് ഇന്ത്യ വ്യാഴാഴ്ച നടന്ന സെഷനിൽ പങ്കാളിയായത്.
വാഷിംഗ്ടൺ ഡിസിയിലെ ഇന്ത്യൻ എംബസിയിലെ ചാർജ് ഡി അഫയേഴ്‌സ് നമഗ്യ ഖംപയാണ് ന്യൂഡൽഹിയെ പ്രതിനിധീകരിച്ച് യോഗത്തിൽ സംബന്ധിച്ചത്. ഡൊണാൾഡ് ജെ. ട്രംപ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസിൽ വെച്ചായിരുന്നു യോഗം നടന്നത്.
ഗാസ മുനമ്പിൻ്റെ പുനർനിർമ്മാണത്തിനുള്ള പ്രധാന വേദിയായി ട്രംപ് അവതരിപ്പിച്ച ഈ സംരംഭത്തിൽ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി അംഗത്വമെടുത്തിട്ടില്ല. അർജന്റീന, അർമേനിയ, അസർബൈജാൻ, ഹംഗറി, പാകിസ്ഥാൻ, സൗദി അറേബ്യ, യുഎഇ എന്നിവയുൾപ്പെടെ 27 രാജ്യങ്ങളാണ് നിലവിൽ ഈ ബോർഡിലുള്ളത്. ഇതിന് പുറമെ ഇസ്രായേലും ബോർഡിൽ അംഗമാണ്. എന്നാൽ പലസ്തീനിൽ നിന്നുള്ള പ്രതിനിധികളാരും ഈ ഗ്രൂപ്പിംഗിന്റെ ഭാഗമല്ല എന്നത് ശ്രദ്ധേയമാണ്.



