ടോക്യോ ഒളിമ്പിക്സ് ഹോക്കി ക്വാർട്ടർ ഫൈനലിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ഗ്രേറ്റ് ബ്രിട്ടണെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത ഇന്ത്യ സെമി ബെർത്ത് ഉറപ്പിച്ചു. ഇന്ത്യക്ക് വേണ്ടി ദിൽപ്രീത് സിംഗ്, ഗുർജന്ത് സിംഗ്, ഹർദിക് സിംഗ് എന്നിവരാണ് സ്കോർഷീറ്റിൽ ഇടം നേടിയത്. സാമുവൽ വാർഡ് ആണ് ഗ്രേറ്റ് ബ്രിട്ടണു വേണ്ടി ആശ്വാസ ഗോൾ നേടിയത്. 49 വർഷങ്ങൾക്കു ശേഷമാണ് ഇന്ത്യ ഒളിമ്പിക്സ് ഹോക്കിയിൽ അവസാന നാലിലെത്തുന്നത്. 1972 മ്യൂണിക്ക് ഒളിമ്പിക്സിൽ പാകിസ്താനോട് സെമി കളിച്ച് പരാജയപ്പെട്ട ഇന്ത്യ പിന്നീട് ഇതുവരെ അവസാന നാലിൽ എത്തിയിട്ടില്ല. 1980 മോസ്കോ ഒളിമ്പിക്സിൽ സ്വർണ മെഡൽ നേടിയെങ്കിലും അത്തവണ സെമിഫൈനലുകൾ ഉണ്ടായിരുന്നില്ല. ആകെ 6 ടീമുകളായിരുന്നു മോസ്കോയിൽ മത്സരിച്ചത്.