ടോക്കിയോ ഒളിംപിക്‌സ് വനിതകളുടെ ഡിസ്‌കസ് ത്രോ ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യന്‍ താരം കമല്‍പ്രീത് കൗറിന് മെഡല്‍ നേടാനാകാതെ മടക്കം. മത്സരത്തില്‍ ആറാം സ്ഥാനമാണ് കമല്‍പ്രീതിന് നേടാനായത്. പോരാട്ടത്തില്‍ അമേരിക്കന്‍ താരം വലറി ഓള്‍മാന്‍(68.98 മീറ്റര്‍) സ്വര്‍ണവും, ജര്‍മനിയുടെ ക്രിസ്റ്റില്‍ പ്യുഡന്‍സ്(66.86 മീറ്റര്‍) വെള്ളിയും, ക്യൂബന്‍ താരം യൈമി(65.72 മീറ്റര്‍) വെങ്കലവും സ്വന്തമാക്കി. കമല്‍പ്രീത് മൂന്നാം റൗണ്ടില്‍ നേടിയ 63.70 മീറ്റര്‍ പ്രകടനമായിരുന്നു ഫൈനലിലെ മികച്ച പ്രകടനം. യോഗ്യത റൗണ്ടില്‍ താരം നടത്തിയ പ്രകടനം ഫൈനലില്‍ നടത്തുവാനായില്ല. ആദ്യ റൗണ്ടില്‍ തന്നെ 68.98 മീറ്റര്‍ ദൂരം എറിഞ്ഞ അമേരിക്കന്‍ താരം വലറി സ്വര്‍ണം ഉറപ്പിച്ചിരുന്നു. ആദ്യ റൗണ്ടില്‍ കമല്‍പ്രീതിന് 61.62 ദൂരം മാത്രം കണ്ടെത്തുവാന്‍ സാധിച്ചപ്പോള്‍ രണ്ടാം റൗണ്ടിലെ ശ്രമം ഫൗള്‍ ആയി. മൂന്നാം റൗണ്ടിലെ പ്രകടനം മൂലം താരം അവസാന എട്ടില്‍ കടന്നു. എന്നാല്‍ അവസാന എട്ടില്‍ കടന്ന താരത്തിന്റെ ആദ്യ ശ്രമം ഫൗള്‍ ആയി. തുടര്‍ന്ന് രണ്ടാം ശ്രമം 61.37 മീറ്റര്‍ നേടിയപ്പോള്‍ മൂന്നാം ശ്രമവും ഫൗളില്‍ കലാശിച്ചു. ഇതോടെ താരത്തിന് ആറാം സ്ഥാനം നേടുവാനാണായത്.