മെസ്സേജിങ് ആപ്പായ ടെലഗ്രാമിൻ്റെ പ്രവർത്തനം തടസ്സപ്പെടുത്തുന്നതിന് പിന്നിൽ റിലയൻസ് ആണെന്ന ഗുരുതര ആരോപണവുമായി ടെലഗ്രാം സ്ഥാപകൻ പാവൽ ദുരോവ് രംഗത്തെത്തി. ഇന്റർനെറ്റ് ട്രാഫിക് തെറ്റായ വഴിയിലേക്ക് തിരിച്ചുവിടുന്ന ‘ബോർഡർ ഗേറ്റ്വേ പ്രോട്ടോക്കോൾ’ (BGP) ഹൈജാക്കിങ് എന്ന അട്ടിമറി രീതിയാണ് ഇതിനായി ഉപയോഗിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.
ഇന്ത്യയുടെ നിരോധന ഉത്തരവുകൾ ബാധകമല്ലാത്ത യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ഉപഭോക്താക്കളെയും ഈ പ്രശ്നം ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഈ സംഭവം ഒരു ‘മത്സര യുദ്ധത്തിൻ്റെ’ ഭാഗമാണെന്ന് ആരോപിച്ച ദുരോവ്, വാട്സാപ്പിന്റെ മാതൃകമ്പനിയായ മെറ്റയ്ക്ക് റിലയൻസിൽ ഭാഗികമായി ഓഹരി പങ്കാളിത്തമുണ്ടെന്ന കാര്യവും ചൂണ്ടിക്കാട്ടി.



