അമേരിക്കന്‍ ടെന്നീസ് യുവതാരം കൊക്കോ ഗൗഫിനു കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് താരം വരാനിരിക്കുന്ന ടോക്കിയോ ഒളിംപിക്സില്‍ നിന്നും പിന്മാറി. താരം തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച കാര്യവും ഒളിംപിക്സില്‍ നിന്നും പിന്മാറുന്നതും ട്വിറ്ററിലൂടെ അറിയിച്ചത്. 17 കാരിയായ ഗൗഫ് ലോക റാങ്കിങ്ങില്‍ 23 ആം സ്ഥാനത്താണ്.
ഒളിംപിക്സില്‍ അമേരിക്കയുടെ വനിതാ ടെന്നീസ് ടീമിനെ നയിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. “എനിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ടോക്കിയോ ഒളിംപിക്സില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന വാര്‍ത്ത നിങ്ങളെ അറിയിക്കുന്നതില്‍ ഞാന്‍ വളരെ നിരാശയിലാണ്. അമേരിക്കയെ പ്രതിനിധീകരിച്ച് ഒളിംപിക്സില്‍ പങ്കെടുക്കുക എന്നത് എന്റെ വളരെ വലിയൊരു സ്വപ്നമായിരുന്നു. ഈ സ്വപ്നം സാധ്യമാവാന്‍ ഭാവിയില്‍ എനിക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അമേരിക്കന്‍ ടീമിന് എന്റെ എല്ലാവിധ ആശംസകളും നേരുന്നു. കൂടാതെ പങ്കെടുക്കുന്ന എല്ലാ ഒളിംപ്യന്‍മാര്‍ക്കും ഒളിംപിക്‌സ് കുടുംബത്തിനും സുരക്ഷിതമായ മത്സരമാവട്ടെ എന്ന് ആശംസിക്കുന്നു.” എന്നാണ് താരം ട്വീറ്റ് ചെയ്തത്. ഗൗഫ് ഒളിമ്ബിക്സില്‍ പങ്കെടുത്തിരുന്നുവെങ്കില്‍ 2000ലെ സിഡ്‌നിയില്‍ നടന്ന ഒളിംപിക്സിനുശേഷം ഏറ്റവും പ്രായം കുറഞ്ഞ ടെന്നീസ് താരമെന്ന റെക്കോര്‍ഡ് ഗൗഫിനു സ്വന്തമായേനെ.



