ടി-20 പരമ്പരയിൽ ന്യൂസീലൻഡിനെതിരെ ബംഗ്ലാദേശിന് തുടർച്ചയായ രണ്ടാം ജയം. 4 റൺസിനാണ് ബംഗ്ലാദേശ് ന്യൂസീലൻഡിനെ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 141 റൺസെടുത്തപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസീലൻഡിന് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 137 റൺസ് നേടാനേ സാധിച്ചുള്ളൂ. ക്യാപ്റ്റൻ ടോം ലാതം 65 റൺസ് നേടി പുറത്താവാതെ നിന്നെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
ജയത്തോടെ അഞ്ച് മത്സരങ്ങൾ അടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ അവസാനിച്ചപ്പോൾ ബംഗ്ലാദേശ് 2-0നു മുന്നിലെത്തി. അവസാനം സ്വന്തം നാട്ടിൽ കളിച്ച 11 ടി-20കളിൽ പത്തിലും വിജയിച്ച ബംഗ്ലാദേശ് ആത്മവിശ്വാസത്തോടെയാവും ടി-20 ലോകകപ്പിനെത്തുക.



