ജോയിച്ചന്‍ പുതുക്കുളം
ഫ്‌ളോറിഡ : ടല്ലഹാസി മലയാളി അസോസിയേഷന്‍ 2020 സെപ്റ്റംബര്‍ 12 ന്  കോവിഡ് കാലത്തെ സുരക്ഷ മുന്‍നിര്‍ത്തി വെര്‍ച്വല്‍ ഓണാഘോഷം നടത്തി. അവരവുടെ വീടുകളില്‍ നടന്ന ചടങ്ങില്‍  ജയലക്ഷ്മി മണിയും, ഹരിഹര സുബ്രമണിയും, മേരി ജോണിയും, ജോണി മാളിയേക്കലും ചേര്‍ന്ന് നിലവിളക്ക് തെളിയിച്ച് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഈ പരിപാടികളുടെ വീഡിയോ പകര്‍ത്തി പ്രദര്‍ശിപ്പിച്ചത് ഓണാഘോഷത്തിന് വര്‍ണാഭമായ തുടക്കമേകി. വീടുകളില്‍ പൂക്കളമൊരുക്കിയ  എല്ലാവരും ഒരു “ഓണ ഓര്‍മ’ പുതുതലമുറക്ക്  പകര്‍ന്നു നല്‍കി. അസോസിയേഷന്‍ പ്രസിഡന്റ് പ്രഷീല്‍ കളത്തില്‍ അധ്യക്ഷഭാഷണം നടത്തി.
പുതുതലമുറയിലെ അമീനാ അന്‍സാരിയും, അയാന്‍ അന്‍സാരിയും ഓണാഘോഷത്തെ കുറിച്ച്  സംസാരിച്ചു. ഓണാഘോഷ പരിപാടികളുടെ ഭാഗമായി നടത്തിയ ചിത്രരചനകള്‍ തിളക്കമാര്‍ന്ന മറ്റൊരനുഭവമായിരുന്നു. കുട്ടികളുടെ കലാപരിപാടികള്‍ ആഘോഷത്തിന് മിഴിവേകി. വെര്‍ച്വല്‍ ഓണസദ്യ എല്ലാവരും നന്നായി ആസ്വദിച്ചു. ഇതിന് വേണ്ടി പ്രവര്‍ത്തിച്ച സിദ്ദു കളത്തില്‍ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. ക്വിസ് മത്സരപരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത് ബ്രയാന്‍ ജോര്‍ജ്, ഡാനി അലക്‌സ്, വിസ് നായര്‍ എന്നിവരായിരുന്നു. പോയ വര്‍ഷങ്ങളിലെ  ഓണാഘോഷങ്ങളുടെ ഫോട്ടോ പ്രദര്‍ശനം അംഗങ്ങള്‍ക്ക് ഓര്‍മ പുതുക്കലായി മാറി.  അംഗങ്ങളുടേയും കുട്ടികളുടെയും ഗാനങ്ങള്‍ കോര്‍ത്തിണക്കിയ രാഗസുധ പരിപാടിക്ക്  മാറ്റ്കൂട്ടി..
ഓണാഘോഷ പരിപാടികള്‍ക്ക് വെര്‍ച്വല്‍ ഓണാശംസകള്‍ അര്‍പ്പിച്ച് കേരള കൃഷി വകുപ്പ്  മന്ത്രി   സുനില്‍ കുമാര്‍,  മ്യൂസിക് ഡയറക്ടറായ സ്റ്റീഫന്‍ ദേവസി,  സുധീപ് പാലനാട്,  ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ രാജീവ് പിള്ള, ഡയറക്ടര്‍ ബിലഹരി,  ഇന്ത്യന്‍ ഫുട്ബാള്‍ ഇതിഹാസങ്ങള്‍ ആയ ഐ എം വിജയന്‍, പാപ്പച്ചന്‍,  ജോപോള്‍ അഞ്ചേരി,  സുരേഷ് എം, റിനോ ആന്റോ, ആസിഫ് സഹീര്‍,  സുശാന്ത് മാത്യു, മലയാള സിനിമയുടെ അഭിമാനമായ നെല്‍സണ്‍ ശൂരനാട് , ബിജു സോപാനം, അവതാരകയും പിന്നണി ഗായികയുമായ വന്ദന മേനോന്‍, ടെലിവിഷന്‍ അവതാരകനായ അനീഷ് ഖാന്‍, പ്രശസ്ത പിന്നണി ഗായികയായ ശ്രുതി ശശിധരന്‍, കോസ്റ്റ്യും ഡിസൈനര്‍ ബസി ബേബി ജോണ്‍, ഡാന്‍സ് കൊറിയോഗ്രാഫര്‍ സജ്‌ന നജാം എന്നിവര്‍ സംസാരിച്ചു .
വെര്‍ച്വല്‍ ഓണാഘോഷത്തിന്  പ്രഷീല്‍ കളത്തില്‍, സിന്ധു ഗോപാല്‍,  അരുണ്‍ ജോര്‍ജ്, നിദ ഫ്‌ളെമിയോണ്‍, ശീതള്‍ കോട്ടായി, സുജിത് പോള്‍ എന്നിവര്‍ നേതൃത്വം നല്‍കി.