മിൽവോക്കി: കൊറോണ വൈറസ് നിയന്ത്രണങ്ങൾ മൂലം ഞായറാഴ്ച ബലിയര്‍പ്പണത്തിന് ഇളവ് നല്‍കിയ നടപടി പിന്‍വലിച്ച് അമേരിക്കയിലെ വിസ്കോണ്‍സിനിലെ മിൽവോക്കി അതിരൂപതയുടെ ആർച്ച് ബിഷപ്പ് ജെറോം ലിസ്റ്റേക്കി. ഇനി മുതല്‍ ഞായറാഴ്ച കടമുള്ള ദിവസമായി തന്നെ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. രോഗവ്യാപനത്തെ തുടര്‍ന്നു കഴിഞ്ഞ ആറുമാസമായി ഞായറാഴ്ച വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നതിൽ നിന്ന് അതിരൂപതയിലെ ജനങ്ങൾക്ക് ഇളവുണ്ടായിരുന്നു. വിശ്വാസികൾക്ക് നൽകിയിരുന്ന ഇളവുകൾ കുരിശിന്റെ പുകഴ്ചയുടെ തിരുനാളായിരുന്ന സെപ്റ്റംബർ പതിനാലാം തീയതിയാണ് അവസാനിച്ചത്.

ഞായറാഴ്ച കടമുള്ള ദിവസമായി പുനഃസ്ഥാപിച്ചുള്ള നിര്‍ദ്ദേശം തന്റെ ബ്ലോഗിലും അതിരൂപതയുടെ യൂട്യൂബ് പേജിലും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. വിശ്വാസികളുടെ സുരക്ഷയെ കരുതിയാണ് കൊറോണ വൈറസ് ശക്തിപ്രാപിച്ച സമയത്ത് അങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വന്നതെന്ന് ആർച്ച് ബിഷപ്പ് ജെറോം പറഞ്ഞു. സെപ്റ്റംബർ 14നു ശേഷം ആരെങ്കിലും ഞായറാഴ്ച വിശുദ്ധ കുർബാനയിൽ പങ്കെടുക്കാതിരുന്നാൽ അവർ ഗുരുതര പാപമായിരിക്കും ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.