കോതമംഗലം: നിര്‍ബന്ധപൂര്‍വം ജീവിതത്തിലേക്ക് കയറിവന്ന ഭാഗ്യത്തിന്റെ സന്തോഷത്തിലാണ് ഷണ്‍മുഖന്‍ ഇപ്പോള്‍. കാരണം ജോസഫ് ചേട്ടന്‍ നിര്‍ബന്ധിച്ച് എടുപ്പിച്ച ഒരു ടിക്കറ്റിലൂടെ ഷണ്‍മുഖനെ ഭാഗ്യം കടാക്ഷിച്ചിരിക്കുകയാണ് ഇപ്പോള്‍. ജോസഫ് ചേട്ടനിലൂടെ ഷണ്‍മുഖന്‍ ലക്ഷാധിപതിയായി. കഴിഞ്ഞദിവസം നടന്ന നറുക്കെടുപ്പില്‍ കേരള സര്‍ക്കാരിന്റെയുടെ KD 508706 ടിക്കറ്റിന് 80 ലക്ഷം രൂപയാണ് അടിച്ചത്. ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ചത് കോതമംഗലത്തെ സൈക്കിള്‍ വര്‍ക്ക് ഷോപ്പ് ജീവനക്കാരനും തമിഴ്നാട് കുംഭകോണം സ്വദേശിയുമായ ഷണ്‍മുഖത്തിന് ആയിരുന്നു.
ജീവിതപ്രാരാബ്ധം മൂലം നാടുവിട്ട് പത്തു വര്‍ഷമായി കേരളത്തില്‍ എത്തിയ ഷണ്‍മുഖന്‍ നിലവില്‍ തങ്കളത്തെ ബബ് ല സൈക്കിള്‍ ഷോപ്പിലെ റിപ്പയറിങ് ജീവനക്കാരനാണ്. നിത്യേന മുടങ്ങാതെ ഒരു ലോട്ടറി വീതമാണ് ഷണ്‍മുഖന്‍ എടുക്കുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് നറുക്കെടുപ്പിന് പത്തുമിനിറ്റ് മുമ്പാണ് തങ്കളം സ്വദേശി ലോട്ടറി ചില്ലറ വില്‍പ്പനക്കാരനായ ജോസഫ് നിര്‍ബന്ധപൂര്‍വ്വം ഷണ്‍മുഖത്തിനെ സമ്മാനര്‍ഹമായ ടിക്കറ്റ് ഏല്‍പ്പിക്കുന്നത്.
രണ്ടാമത് എടുത്ത KD 508706 ടിക്കറ്റിന് 80 ലക്ഷം രൂപയുടെ ഭാഗ്യം തന്നെ തേടിയെത്തിയതിന്റെ അമ്പരപ്പ് ഷണ്‍മുഖത്തിന് മാറിയിട്ടില്ല. അവസാനം ആറ് (6) വരുന്ന നമ്പറിലുള്ള ലോട്ടറി മാത്രമാണ് ഷണ്‍മുഖന്‍ എടുക്കാറുള്ളു. ആറ് നമ്പര്‍ ഷണ്‍മുഖത്തിന്റെ ഭാഗ്യനമ്പറാണെന്നാണ് വിശ്വാസം.
നിരവധി ലോട്ടറികള്‍ എടുത്തിട്ടുള്ള ഷണ്‍മുഖത്തിന് അവസാന നമ്പര്‍ ആറ് ആയിട്ടുള്ള ലോട്ടറികളിലാണ് സമ്മാനങ്ങള്‍ ലഭിച്ചിട്ടുള്ളത്. കോതമംഗലത്തെ കൃഷ്ണ ലോട്ടറി ഏജന്‍സിയിലെയാണ് ഒന്നാം സമ്മാനര്‍ഹമായ ടിക്കറ്റ്. ലോട്ടറി അടിച്ചെങ്കിലും ഇപ്പോള്‍ ചെയ്യുന്ന തൊഴില്‍ തുടരാനാണ് ഷണ്‍മുഖത്തിന്റെ തീരുമാനം.



