ലണ്ടനില്‍ ശനിയാഴ്ച നടന്ന അക്രമാസക്തമായ പ്രതിഷേധത്തില്‍‍ പങ്കെടുത്ത നൂറിലധികം പേരെ അറസ്റ്റ് ചെയ്തതായി പോലീസ്. പ്രതിമകളെ സംരക്ഷിക്കാനെന്ന വ്യാജേന ചില തീവ്ര വലതുപക്ഷ പ്രവര്‍ത്തകര്‍ കൂടെ തെരുവിലറങ്ങിയതോടെയാണ് പോലീസിന് കൂടുതല്‍ ബലം പ്രയോഗിക്കേണ്ടിവന്നത്. ‘വംശീയ ഗുണ്ടകള്‍ക്ക് നമ്മുടെ തെരുവുകളില്‍ സ്ഥാനമില്ലെന്ന്’ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. 2017 ലെ വെസ്റ്റ്മിന്‍സ്റ്റര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പിസി കീത്ത് പാമറിന്റെ സ്മാരകത്തിന് സമീപം മൂത്രമോഴിച്ച ആള്‍ക്കെതിരെ അന്വേഷണം നടക്കുകയാണ്. ലണ്ടനിലും രാജ്യത്തുടനീളവും ശനിയാഴ്ച സമാധാനപരമായി നിരവധി വംശീയ വിരുദ്ധ പ്രക്ഷോഭങ്ങള്‍ നടന്നു.

പിസി പാമറിന്റെ സ്മാരകത്തെ അപമാനിച്ചത് തീര്‍ത്തും ലജ്ജാകരമാണെന്ന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍ പറഞ്ഞു. ഹീന കൃത്യം നടത്തിയ ആളുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നും ലഭ്യമായ എല്ലാ തെളിവുകളും ശേഖരിച്ച്‌ ഉചിതമായ നടപടി സ്വീകരിക്കുമെന്നും മെറ്റ് പോലീസ് കമാന്‍ഡര്‍ ബാസ് ജാവിദ് കൂട്ടിച്ചേര്‍ത്തു.

പ്രതിഷേധത്തിന്‍റെ ഭാഗമായി പോലീസിനെ ആക്രമിക്കല്‍, ആക്രമണായുധം കൈവശം വയ്ക്കല്‍, സമാധാനം ലംഘിക്കല്‍, മദ്യപിച്ച്‌ ക്രമക്കേട് കാണിക്കല്‍, ക്ലാസ് എ മയക്കുമരുന്ന് കൈവശം വയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് ന്രവധി പേരെ അറസ്റ്റു ചെയ്തതായി സ്കോട്ട്ലന്‍ഡ് യാര്‍ഡ് പറഞ്ഞു. ‘ഈ മാര്‍ച്ചുകളും പ്രതിഷേധങ്ങളും അക്രമാസക്തമാവുകയും നിലവിലെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുകയും ചെയ്യുന്നു. വംശീയതയ്ക്ക് യുകെയില്‍ സ്ഥാനമില്ല. അത് യാഥാര്‍ത്ഥ്യമാക്കാന്‍ ഞങ്ങള്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കണം. എന്നാല്‍ പോലീസിനെ ആക്രമിക്കുന്നത് ഒരു നിലക്കും അംഗീകരിക്കില്ല, നിയമപരമായി നേരിടും’ -പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ട്വീറ്റ് ചെയ്തു.

വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ പ്രതിമ തകര്‍ക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഇവയുടെ സംരക്ഷണത്തിനായി തെരുവിലിറങ്ങിയത് പതിനായിരക്കണക്കിന് തീവ്ര വലതുപക്ഷക്കാരാണ്. ഇവര്‍ പൊലീസിനുനേരെ കുപ്പികളും കൊടിക്കമ്ബും പടക്കങ്ങളും വലിച്ചെറിഞ്ഞു സംഘര്‍ഷം സൃഷ്ടിച്ചു. ഏറ്റുമുട്ടലില്‍ ആറ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിസാര പരിക്കേറ്റു. വൈറ്റ്ഹാളിലെ ശവകുടീര സ്മാരകത്തിനും പാര്‍ലമെന്റ് സ്ക്വയറിലെ വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ പ്രതിമയ്ക്കും ചുറ്റും നൂറുകണക്കിന് വെള്ളക്കാര്‍ ഒത്തുകൂടി.

കറുത്തവംശക്കാരനായ ജോര്‍ജ്‌ ഫ്ലോയിഡിന്റെ കൊലപാതകത്തെതുടര്‍ന്ന്‌ പൊലീസിന്റെ വംശീയതയ്‌ക്ക്‌ എതിരെ അമേരിക്കയില്‍ ആരംഭിച്ച പ്രക്ഷോഭമാണ് ലണ്ടനിലും കത്തിപ്പടരുന്നത്. ഫ്രാന്‍സ്‌ തലസ്ഥാനത്ത്‌ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കടകള്‍ അടയ്‌ക്കണമെന്ന്‌ പൊലീസ്‌ ഉത്തരവിട്ടിരുന്നു. ഓസ്‌ട്രേലിയയില്‍ സിഡ്‌നിയില്‍ പ്രകടനം നടത്തിയാല്‍ അറസ്റ്റും പിഴയും ഉണ്ടാകുമെന്ന്‌ ന്യൂ സൗത്ത്‌ വെയില്‍സ്‌ പൊലീസ്‌ ഭീഷണിപ്പെടുത്തി. ക്യാനഡയില്‍ ആദിവാസിവിഭാഗമായ അത്താബാസ്‌ക ചിപേവ്യന്‍ ഫസ്റ്റ്‌ നേഷന്റെ തലവന്‍ അലന്‍ ആദമിനെ പൊലീസ്‌ നിഷ്ഠുരമായി മര്‍ദിച്ചതിനെതുടര്‍ന്ന് പ്രക്ഷോഭം നടക്കുകയാണ്.