കൊവിഡ് പ്രതിസന്ധികള്‍ക്കിടെ മറ്റൊരു മലയാള ചിത്രവും കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്. പുതിയ സിനിമ പ്രഖ്യാപനവുമായി രംഗത്ത് എത്തിയിരിക്കുന്നത് നടന്‍ ജയസൂര്യയാണ്. ‘ജോണ്‍ ലൂഥര്‍’ എന്നാണ് ചിത്രത്തിന്റെ പേര്. അതിദി രവിയാണ് ചിത്രത്തിലെ നായിക. ജയസൂര്യ ഫേസ്ബുക്കിലൂടെ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്. നവാഗതനായ അഭിജിത്ത് ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നതും അദ്ദേഹം തന്നെയാണ്.

അലോന്‍സ ഫിലിംസിന്റെ ബാനറില്‍ മാത്യു പി തോമസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനവും റോബി വര്‍ഗീസ് രാജ് ഛായാഗ്രാഹണവും നിര്‍വ്വഹിക്കുന്നു. പ്രവീണ്‍ പ്രഭാകറാണ് എഡിറ്റിങ് നിര്‍വഹിക്കുന്നത്. ബിജു ചന്ദ്രനാണ് ആര്‍ട്ട് ഡയറക്ഷന്‍ നിര്‍വഹിക്കുന്നത്.

കൊറോണ പ്രതിസന്ധിയില്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്ത ആദ്യ മലയാള ചിത്രം ജയസൂര്യയുടേതായിരുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ആ ചിത്രം നിര്‍മിച്ചത്. ആമസോണ്‍ പ്രൈമിലൂടെയായിരുന്നു ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. ‘സൂഫിയും സുജാതയു’മെന്ന ഈ ചിത്രം ഓണ്‍ലൈന്‍ റിലീസായി പ്രഖ്യാപിച്ചതോട് കൂടി തിയറ്റര്‍ ഒഴിവാക്കി ഓണ്‍ലൈനില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്തിന് നടനും നിര്‍മ്മാതാവിനുമെതിരെ വിമര്‍ശനവുമായി ഫിലിം എക്സിബിറ്റേഴ്സ് സംഘടന രംഗത്ത് എത്തിയിരുന്നു.

ഒടിടി പ്ലാറ്റ്‌ഫോമില്‍ തിയറ്റര്‍ റിലീസിന് മുമ്ബേ ചിത്രങ്ങള്‍ നല്‍കുന്നവരുമായി സഹകരിക്കേണ്ട എന്ന തീരുമാനവുമായി തിയറ്ററുടമകളുടെ സംഘടന ഫിയോക്ക് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് രംഗത്ത് എത്തിയിരുന്നു.