ബ്രിട്ടീഷ് താരം ഡയാന റിഗ് അന്തരിച്ചു. സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം. 82 വയസായിരുന്നു.

‘എന്റെ പ്രിയപ്പെട്ട മാതാവ് ഇന്ന് പുലര്‍ച്ചെ മരണമടഞ്ഞു. കാന്‍സറാണ് മരണകാരണം. അവസാന നാളുകള്‍ സന്തോഷത്തോടുകൂടിയാണ് അവര്‍ ചെലവഴിച്ചത്. അമ്മയെ മിസ് ചെയ്യം’- ഡയാനയുടെ മകള്‍ റേച്ചല്‍ സ്റ്റിര്‍ലിംഗ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നതിങ്ങനെ.

1960 ലെ ‘ദി അവഞ്ചേഴ്‌സ്’ എന്ന ടിവി സീരീസിലൂടെയാണ് ഡയാന റിഗ് ശ്രദ്ധനേടുന്നത്. അതിലെ എമ്മ പീല്‍ എന്ന കഥാപാത്രം പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി.

ഇതിന് പിന്നാലെ ജെയിംസ് ബോണ്ട് കഥ പറയുന്ന ‘ഓണ്‍ ഹര്‍ മെജസ്റ്റി സീക്രട്ട് സര്‍വീസ്’ എന്ന ചിത്രത്തില്‍ ബോണ്ട് ഗേള്‍ ട്രേസി ഡി വിസെന്‍സോ ആയി വേഷമിട്ടു.

ഗെയിം ഓഫ് ത്രോണ്‍സ് എന്ന വിഖ്യാത സീരീസിലെ ഒലേന ടൈറല്‍ എന്ന പേരില്‍ യുവ തലമുറയ്ക്കും ഡയാന റിഗ് സുപരിചിതയാണ്.