കോട്ടയം: ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തെ ചൊല്ലിയുള്ള കേരള കോണ്‍ഗ്രസ് തര്‍ക്കം രൂക്ഷമാകുന്നു. കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജിവയ്ക്കണമെന്ന യുഡിഎഫ് നിലപാട് ജോസ് കെ മാണി തള്ളിയതിന് പിന്നാലെ ജോസിന് പിന്തുണയുമായി ഉമ്മന്‍ ചാണ്ടി രംഗത്തെത്തി. ഇരുപക്ഷവും പറഞ്ഞ വിഷയങ്ങളില്‍ ഇനിയും ചര്‍ച്ചകള്‍ ആവശ്യമുണ്ടെന്ന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. യുഡിഎഫ് മുന്നോട്ട് വച്ചത് ഒരു അഭ്യര്‍ഥന മാത്രമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ജോസ് കെ മാണി വിഭാഗത്തിന്‍റെ രാജിക്ക് ശേഷം മാത്രം ചര്‍ച്ച മതിയെന്നായിരുന്നു യുഡിഎഫ് നിലപാട്. തര്‍ക്കത്തില്‍ ചര്‍ച്ച തുടരുമെന്ന ഉമ്മന്‍ചാണ്ടിയുടെ നിലപാട് സ്വാഗതം ചെയ്യുന്നുവെന്ന് ജോസ് കെ മാണിയും പ്രതികരിച്ചു. കോട്ടയത്തേത് പ്രാദേശിക വിഷയം മാത്രമാണെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.
അതേസമയം, തര്‍ക്കത്തില്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ് പി ജെ ജോസഫ്. ചര്‍ച്ചകള്‍ തുടരുമെന്ന ഉമ്മന്‍ചാണ്ടിയുടെ നിലപാട് പി ജെ ജോസഫ് തള്ളി. രാജിക്ക് ശേഷം മാത്രം മതി ചര്‍ച്ചയെന്ന നിലപാടിലാണ് പി ജെ ജോസഫ്. കേരളാ കോണ്‍ഗ്രസ് വിഷയത്തില്‍ മുന്നണിയിലും കോണ്‍ഗ്രസിലും വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ അധികാര തര്‍ക്കം മറ്റൊരു തലത്തിലേക്ക് കടക്കാനും സാധ്യതയുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോട്ടയത്ത് ജോസ് കെ മാണിയെ കൂടെ നിര്‍ത്താനാണ് ഉമ്മന്‍ ചാണ്ടി ശ്രമം. ഇടത് പാളയത്തിലേക്ക് ചേക്കേറാനുള്ള ചര്‍ച്ചയിലാണ് ജോസ് കെ മാണിയെന്നും സൂചനയുണ്ട്.