അമാനുഷിക ശക്തിയുണ്ടെന്ന് അവകാശപ്പെട്ട് 12വയസുകാരി ഉള്‍പ്പെടെ നിരവധി സ്ത്രീകളെ പീഡിപ്പിച്ച ഇന്ത്യന്‍ വംശജനായ ഇമാമിനെ യുകെയില്‍ ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ചു. കുറഞ്ഞത് 20 വര്‍ഷമെങ്കിലും ഇയാള്‍ ജയിലില്‍ കഴിയേണ്ടി വരും. ഇന്ത്യൻ വംശജനായ ഇമാം അബ്ദുൽ ഹലിം ഖാനാണ് (54) ശിക്ഷ ലഭിച്ചത്. ഒരു മതനേതാവെന്ന പദവി ദുരുപയോഗം ചെയ്തും ചതിച്ചും 7 പ്രായപൂര്‍ത്തിയായ സ്ത്രീകളേയും കുട്ടികളേയും ഉള്‍പ്പെടെ പീഡിപ്പിച്ചെന്നതാണ് ഇയാള്‍ക്കെതിരായ കുറ്റം.ഈസ്റ്റ് ലണ്ടനിലാണ് സംഭവം.

2005 മുതല്‍ 2014 വരെയുള്ള കാലയളവിലാണ് ഇത്രയും സ്ത്രീകളെ ഇയാള്‍ ദുരുപയോഗം ചെയ്തതെന്ന് യുകെ ആസ്ഥാനമായ ‘ദി ഇന്‍ഡിപെന്‍ഡന്റ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. താന്‍ അമാനുഷികനാണെന്നും ജിന്ന് ബാധിച്ച അവസ്ഥയിലാണെന്നും ഇരകളെ പറഞ്ഞുവിശ്വസിപ്പിച്ചാണ് ഇയാള്‍ ലൈംഗിക അതിക്രമം നടത്തുന്നതെന്ന് യുകെ ആസ്ഥാനമായ സ്കൈ ന്യൂസിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.