കോൺഗ്രസ്സ് നേത്യത്വത്തിനെതിരെ പുതിയ പോർമുഖം തുറന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. ജാലിയൻ വാലാ ബാഗ് സ്മാരക പുനരുദ്ധാരണ വിഷയത്തിൽ കോൺഗ്രസ് നിലപാട് തള്ളി കേന്ദ്രത്തെ അമരിന്ദർ സിംഗ് അഭിനന്ദിച്ചു. ജാലിയൻ വാലാബാഗിലെ പുനരുദ്ധാരണം ഉചിതമായതാണെന്ന് അമരിന്ദർ സിംഗ് വ്യക്തമാക്കി.
സിദ്ധുവിനെ സംസ്ഥാനാധ്യക്ഷനാക്കാനുള്ള തിരുമാനത്തിന് ശേഷം രണ്ട് അറ്റങ്ങളിലാണ് അമരിന്ദർ സിംഗും കോൺഗ്രസും. ഭിന്നത ഇങ്ങനെ പോയാൽ തിരഞ്ഞെടുപ്പിന് മുൻപ് പ്രാദേശിക പാർട്ടി ഉണ്ടാക്കാൻ പോലും അമരിന്ദർ മടിയ്ക്കില്ലെന്നാണ് ഇപ്പോഴത്തെ വിവരം. നവീകരിച്ച ജാലിയൻവാലാബാഗ് സമുച്ചയം പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗസ്റ്റ് 28ന് നാടിന് സമർപ്പിച്ചിരുന്നു. ചടങ്ങിൽ പഞ്ചാബ് മുഖ്യമന്ത്രി എന്ന നിലയിൽ ക്യാപ്റ്റൻ മുഖ്യാതിഥി ആയി. സ്മാരകത്തിൽ നിർമ്മിച്ച മ്യൂസിയം ഗാലറികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവ്വഹിച്ചു. നാല് മ്യൂസിയം ഗാലറികളാണ് ഉള്ളത്.
താനും ഒരു രക്ഷാസാക്ഷിയുടെ മകനാണ്. രക്ഷസാക്ഷിത്വത്തിന്റെ അർത്ഥം അറിയാത്ത ഒരാൾക്കെ ജാലിയൻ വാലാബാഗിൽ ഈ വിധത്തിൽ നിർമ്മിതികൾ ഉണ്ടാക്കാനും പരിഷ്ക്കരിയ്ക്കാനും സാധിയ്ക്കൂ എന്നായിരുന്നു വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ വിമർശനം. രാഹുലിന്റെ നിലപാട് ആവർത്തിച്ച് കോൺഗ്രസും ജാലിയൻ വാലാബാഗിലെ പുനരുദ്ധാരണത്തെ അപലപിച്ച് രംഗത്തെത്തി. ഇതിനെ തള്ളുന്ന നിലപാടാണ് എന്നാൽ ഇപ്പോൾ ക്യാപ്റ്റൻ സ്വീകരിച്ചത്. ജാലിയൻ വാലാബാഗിൽ കേന്ദ്രം നടത്തിയ പുനരുദ്ധാരണം മനോഹരവും ഉചിതവുമാണെന്ന് ക്യാപ്റ്റൻ അമരിന്ദർ സിംഗ് പ്രതികരിച്ചു. രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെ കുറിച്ച് തനിയ്ക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത ദിവസം കോൺഗ്രസ് വിഷയത്തിൽ അവിടെ സമരം നടത്താൻ തീരുമാനിച്ചിരിയ്ക്കെ ആണ് മുഖ്യമന്ത്രി കൂടിയായ അമരിന്ദർ സിംഗിന്റെ നിലപാട്. കർഷക സമരം പരിഹരിയ്ക്കാൻ അമിത് ഷായുമായി നിരന്തര സമ്പർക്കത്തിലാണ് താനെന്നും അമരിന്ദർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ക്യാപ്റ്റന്റെ പ്രതികരണം ദേശിയ നേത്യത്വത്തിനെതിരായ ഒളിയമ്പാണെന്ന് കോൺഗ്രസ് വിലയിരുത്തൽ.



