ശ്രീന​ഗര്‍: ജമ്മു കാശ്മീരിലെ രൗജൗരി ജില്ലയില്‍ ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന സ്ത്രീയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയത് രണ്ടരലക്ഷം രൂപ. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ നല്‍കുന്നതിനായി ഇവരെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയിരുന്നു അതിനുശേഷം ഇവര്‍ താമസിച്ചിരുന്ന താത്ക്കാലിക സ്ഥലം പരിശോധിച്ച ഉദ്യോ​​ഗസ്ഥരാണ് പണം കണ്ടെത്തിയത്.

65 വയസ്സുള്ള ഇവര്‍ മുപ്പത് വര്‍ഷത്തിലധികമായി ബസ് സ്റ്റാന്റിലും സമീപപ്രദേശത്തെ തെരുവുകളിലും ഭിക്ഷ യാചിച്ചാണ് ജീവിച്ചത്. ഇത്തരക്കാര്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ നല്‍കുന്നതിന് അഭയകേന്ദ്രത്തിലേക്ക് മാറ്റിയതായി അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സുഖ്ദേവ് സിം​ഗ് സമ്യാല്‍ പിടിഐയോട് വെളിപ്പെടുത്തി.

‘ഇവര്‍ താമസിച്ചിരുന്ന സ്ഥലം വൃത്തിയാക്കാന്‍ എത്തിയ മുനിസിപ്പല്‍ കമ്മിറ്റി തൊഴിലാളികളാണ് മൂന്ന് പ്ലാസ്റ്റിക് ബോക്സുകളിലും ബാ​ഗിലുമായി നോട്ടുകളും ചില്ലറകളും ഭദ്രമായി പൊതി‍ഞ്ഞു വെച്ചിരിക്കുന്നത് കണ്ടത്. അപ്പോള്‍ത്തന്നെ പൊലീസിനെ വിവരമറിയിച്ചു. പൊലീസും മജിസ്ട്രേറ്റും
സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.’ മണിക്കൂറുകള്‍ക്ക് ശേഷമാണ് 2,58,507 രൂപഎണ്ണിത്തിട്ടപ്പെടുത്തിയതെന്ന് കമ്മീഷണര്‍ വ്യക്തമാക്കി. പണം ഉടമക്ക് തന്നെ തിരികെ നല്‍കുമെന്നുംഅദ്ദേഹം കൂട്ടിച്ചേര്‍ത്തു.