ന്യൂഡല്‍ഹി: ഇന്ത്യയുടെ ജാഗ്രതയില്‍ വിറളിപിടിച്ച് ചൈന പ്രകോപനം തുടരുന്നതായി സൈന്യം. കഴിഞ്ഞ ഇരുപതു ദിവസങ്ങള്‍ക്കിടെ മൂന്ന് വെടിവെയ്പ്പ് സംഭവങ്ങള്‍ ചൈനയുടെ ഭാഗത്തുനിന്നും ഉണ്ടായതായാണ് സൈന്യം റിപ്പോര്‍ട്ട് ചെയ്തത്. 45 വര്‍ഷമായി  ഇന്ത്യ കാത്തുസൂക്ഷിച്ച സമാധാനവും ജാഗ്രതയുമാണ് ചൈന ലംഘിച്ചതെന്നും ഇന്ത്യന്‍ സൈന്യം ആരോപിച്ചു.

പാംഗോംഗ് തടാകത്തിന്റെ തെക്കേക്കരയില്‍ ചൈന അതിര്‍ത്തി ലംഘിക്കാന്‍ നടത്തിയ ശ്രമം തടയേണ്ടിവന്നപ്പോഴാണ് ആദ്യ വെടിവെയ്പ്പ് നടന്നത്. ആഗസ്റ്റ് 29നും 31നുമാണ് ആദ്യ സംഭവം അരങ്ങേറിയത്. രണ്ടാമത്തെ സംഭവം ഈ മാസം ഏഴാം തീയതിയാണ് ഉണ്ടായത്. മുഖ്പാരി മലനിരയില്‍ ചൈന കയറാനുള്ള ശ്രമം ഇന്ത്യ തടഞ്ഞതോടെയാണ് വെടിവെച്ച് സൂചന നല്‍കേണ്ടിവന്നത്. മൂന്നാം വട്ടം വെടിവെയ്പ്പുണ്ടായത് 8-ാം തീയതി പാംഗോംഗ് തടാകക്കരയുടെ വടക്കന്‍ തീരത്താണ്. ഇരു സേനകളും ആകാശത്തേക്ക് 100 റൗണ്ട് വെടിയുതിര്‍ക്കേണ്ട സാഹചര്യമാണുണ്ടായതെന്നും സൈനിക വൃത്തങ്ങളറിയിച്ചു.