ന്യൂഡല്‍ഹി: ചര്‍ച്ചകളില്‍ തീരുമാനം എന്തായാലും ചൈനയുടെ സൈന്യം തിരിച്ചിറങ്ങല്‍ ആരംഭിക്കാതെ സുപ്രധാന ഉയരങ്ങളിലെ താവളം വിടില്ലെന്ന് ഇന്ത്യന്‍ സൈന്യം തീരുമാനിച്ചു. കമാന്റര്‍ തല ചര്‍ച്ചകളിലെ പുരോഗതി ആശാവഹമല്ലെന്ന നിലപാടാണ് ഇന്ത്യന്‍ സൈന്യത്തിനുള്ളത്. സെപ്തംബര്‍ 10ന് മോസ്‌കോവില്‍ വിദേശകാര്യ മന്ത്രിതല ചര്‍ച്ചയില്‍ ഇന്ത്യ എടുത്ത നിലപാടിനെ അംഗീകരിച്ചുകൊണ്ടുതന്നെയാണ് സൈന്യം നയം വിശദമാക്കിയത്. ചര്‍ച്ച നിലവിലെ കടുത്ത സംഘര്‍ഷാവസ്ഥ കുറയ്ക്കാന്‍ മാത്രമുള്ളതാണ്. അതിനര്‍ത്ഥം ഇന്ത്യ സ്വന്തം അതിര്‍ത്തിയിലെ കേന്ദ്രങ്ങളില്‍ നിന്നും പിന്മാറണമെന്നല്ലെന്നും സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സേനാ പിന്മാറ്റത്തില്‍ സുപ്രധാന മേഖലകളിലെ ഏറ്റവും ഉയര്‍ന്ന കേന്ദ്രങ്ങളില്‍ നിന്നും ഇനി ഒരു മടക്കമില്ലെന്നാണ് ഇന്ത്യയുടെ നിലപാട് . ഇന്ത്യന്‍ സൈന്യം നിലയുറപ്പിച്ചിരിക്കുന്നത് ഇന്ത്യയുടെ അതിര്‍ത്തിയിലാണെന്നതാണ് കാരണം. അതേസമയം ചൈനയുടെ നിലപാടുകളിലെ മാറ്റങ്ങളില്‍ വിശ്വാസ്യതക്കുറവ് ശരിക്കും ബോദ്ധ്യപ്പെട്ടതായും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. ഇന്ത്യ ലഡാക്കിലേയും പാംഗോംഗ് സോ തടാകമേഖലയിലെ വടക്കന്‍ തീരത്തും ആദ്യമായാണ് ഇത്രയധികം സന്നാഹവുമായി നിലയുറപ്പിച്ചിരിക്കുന്നത്.

തന്ത്രപ്രധാനമായ അത്തരം മേഖലകളില്‍ നിന്ന് പിന്മാറില്ലെന്നാണ് തീരുമാനം. അതേസമയം നേരിട്ട് ഇന്ത്യ-ചൈന സൈനികര്‍ മുഖാമുഖം വരുന്ന അതിര്‍ത്തിയില്‍ നിന്നും ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ പിന്നോട്ട് മാറിയിട്ടുണ്ടെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇതിനിടെ ഇന്ത്യന്‍ സൈന്യത്തിന് പരിചിതമായ ലഡാക്കിലെ കൊടു തണുപ്പിന്റെ സാഹചര്യം ചൈനയുടെ സൈന്യത്തിന് വലിയ ഭീഷണിയാണെന്ന അന്താരാഷ്ട്ര നിരീക്ഷണവും പുറത്തുവന്നിട്ടുണ്ട്. കടുത്ത തണുപ്പിൽ ചൈന ശരിക്കും അനുഭവിക്കുമെന്നാണ് ലഡാക്ക് നിവാസികളെല്ലാം പറയുന്നത്. ഇന്ത്യ ഇത്തവണ സൈന്യത്തിന് എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുമുണ്ട്.