ന്യൂഡല്‍ഹി: ഇന്ത്യയുടെ അതിര്‍ത്തിയെ പൂര്‍ണ്ണ നിരീക്ഷണത്തിലാക്കാന്‍ വ്യോമസേന. അതിര്‍ത്തിയിലേയ്ക്ക് നിമിഷനേരം കൊണ്ട് എത്താനാകുന്ന ദൂരത്തില്‍ പ്രയാഗ് രാജില്‍ അത്യാധുനിക വ്യോമതാവളമാണ് തയ്യാറാകുന്നത്. വ്യോമതാവളനിര്‍മ്മാണം അവസാനഘട്ട ത്തിലെന്ന് സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത് വെളിപ്പെടുത്തി. ചൈനയുടെ ഏതുനീക്കത്തിനേയും പ്രതിരോധിക്കാന്‍ മൂന്ന് സേനാ വിഭാഗങ്ങളുടെ വ്യോമസംവിധാനത്തിനെ ഇനി ഒറ്റകേന്ദ്രം നിയന്ത്രിക്കുമെന്നതാണ് നേട്ടം.
ഇന്ത്യന്‍ വ്യോമസേനയുടെ ഏറ്റവും പുതിയ കമാന്റാണ് പ്രയാഗ് രാജില്‍ പണിപൂര്‍ത്തി യാകുന്നത്. ഈ വരുന്ന ഒക്ടോബറില്‍ താവളം പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തന സജ്ജമാ കുമെന്നും റാവത് അറിയിച്ചു. ഒക്ടോബര്‍ 8ന് ഭാരത വ്യോമസേനാ ദിനത്തില്‍ താവളം രാജ്യത്തിന് സമര്‍പ്പിക്കുമെന്നും റാവത് പറഞ്ഞു.
പുതിയ വ്യോമതാവളം മൂന്ന് സേനയുടേയും വിമാനവ്യൂഹങ്ങള്‍ക്ക് സഹായമാകും വിധമാണ് സജ്ജീകരിക്കുക. നിലവില്‍ ആഗ്ര, ഗ്വാളിയോര്‍, ബറേലി എന്നീ വ്യോമതാവളങ്ങളെ നിയന്ത്രിക്കുന്ന തരത്തില്‍ വ്യോമസേനയുടെ ഡല്‍ഹിയിലെ ഔദ്യോഗിക കേന്ദ്രവുമായി ചേര്‍ന്നാകും പ്രവര്‍ത്തിക്കുകയെന്നും റാവത് വ്യക്തമാക്കി.