ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് ശക്തമായിക്കൊണ്ടിരിക്കെ മറ്റൊരു വൈറസ് സാന്നിദ്ധ്യം ഇന്ത്യയില്‍ കണ്ടെത്തിയതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ ശാസ്ത്രജ്ഞര്‍. ഇന്ത്യയിലുടനീളം പരീക്ഷിച്ച മനുഷ്യ സെറം സാമ്പിളുകളില്‍ ക്യാറ്റ് ക്യൂ വൈറസിന്റെ (സി.ക്യു.വി) ആന്‍റിബോഡികളുടെ സാന്നിധ്യമാണ് കണ്ടെത്തിയിരിക്കുന്നത്.
ആര്‍ത്രോപോഡ് ബോണ്‍ വിഭാഗത്തില്‍പ്പെടുന്ന വൈറസാണ് സി.ക്യു.വി. ഇതിന്റെ പ്രധാന വാഹകര്‍ കൊതുകുകളും പന്നികളുമാണ്. ഇവ മനുഷ്യരില്‍ മാരക രോഗങ്ങള്‍ക്ക് കാരണമായേക്കാമെന്ന് പഠനങ്ങള്‍ പറയുന്നു. ചൈനയില്‍ തന്നെയാണ് ഈ വൈറസ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സംസ്ഥാനത്തുടനീളം നടത്തിയ പരിശോധനകളിലാണ് ഇന്ത്യയിലും വൈറസ് സാന്നിദ്ധ്യമുണ്ടെന്ന് കണ്ടെത്തിയത്. പരിശോധനയ്ക്കായെടുത്ത 883 ഹ്യൂമന്‍ സെറം സാമ്പിളുകളില്‍ രണ്ടെണ്ണത്തില്‍ ക്യാറ്റ് ക്യൂ വി വൈറസിനുള്ള ആന്റിബോഡി കണ്ടെത്തിയിരുന്നു.
തുടര്‍ പരിശോധനയില്‍ ആന്റിബോഡി കണ്ടെത്തിയ രണ്ടുപേരുടെയും ശരീരത്തില്‍ മുമ്പ് എപ്പോഴോ സി.ക്യൂ.വി വൈറസ് പ്രവേശിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയ ഇരുവരും കര്‍ണ്ണാടകയില്‍ നിന്നുള്ളവരാണ്. ഒരു വ്യക്തിയില്‍ വൈറസിനെതിരായ ആന്‍റിബോഡിയുടെ സാന്നിധ്യം സൂചിപ്പിക്കുന്നത് ആ വ്യക്തിക്ക് ചില സമയങ്ങളില്‍ വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ്.
അതേസമയം, ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ഏറ്റവും പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍, പരിശോധിച്ച സാമ്പിളുകളിലൊന്നും യഥാര്‍ത്ഥ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്ന് പറയുന്നു. ചൈനയിലും വിയറ്റ്നാമിലും സാധാരണയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ക്യാറ്റ് ക്യൂ വൈറസ് മനുഷ്യരില്‍ മെനിഞ്ചൈറ്റിസ് പോലുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നു.
മനുഷ്യ സെറം സാമ്പിളുകളിലെ ആന്‍റി ബോഡിയുടെ സാന്നിധ്യവും കൊതുകുകളിലെ സി.ക്യു.വിയും ഇന്ത്യയില്‍ ഈ വൈറസിന് സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്നുവെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഇതിന്റെ വ്യാപനം മനസ്സിലാക്കാന്‍ കൂടുതല്‍ പരിശോധന ആവശ്യമാണെന്നും ഇവര്‍ പറഞ്ഞു.
രാജ്യത്തെ കൊതുകുകളില്‍ വൈറസ് പ്രവേശിച്ചു കഴിഞ്ഞാലുള്ള സ്വഭാവം മനസിലാക്കാന്‍ മൂന്ന് വ്യത്യസ്ത ഇനം കൊതുകുകളില്‍ ഇത് സംബന്ധിച്ച പരീക്ഷണവും നടത്തിവരികയാണ്. സി.ക്യൂ.വി വൈറസിന്റെ പ്രധാന വാഹകരാണ് കൊതുകുകള്‍. അതേസമയം പക്ഷികളിലൂടെ വൈറസ് മനുഷ്യരിലേക്ക് പകരുന്നതായ സംഭവങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
വീടുകളില്‍ വളര്‍ത്തുന്ന പന്നികളിലൂടെയാണ് വൈറസ് മനുഷ്യരിലേക്കെത്തുന്നതെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ചൈനയില്‍ പ്രാദേശികമായി വളര്‍ത്തുന്ന പന്നികളില്‍ വൈറസിനെതിരെയുള്ള ആന്റിബോഡി സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്.