ബെയ്​ജിങ്​: ചൈനയില്‍ മധ്യവയസ്​കന്​ എച്ച്‌ 5 എന്‍ 6 വകഭേദത്തിലുള്ള പക്ഷിപ്പനി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്​. സിചുവാന്‍ പ്രവിശ്യയിലുള്ള ബസോങ് എന്ന നഗരത്തിലെ 55കാരനാണ് രോഗം ബാധിച്ചതെന്ന്​ ചൈനീസ്​ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു. നിലവില്‍ രോഗം ബാധിച്ചയാള്‍ ആശുപത്രിയിലാണ്​. അദ്ദേഹം താമസിക്കുന്ന ഭാഗത്തെ സമീപ പ്രദേശങ്ങളില്‍ കോഴി ഫാമുകളുണ്ടായിരുന്നതായും ​മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, രോഗബാധ അപൂര്‍വ്വമായി സംഭവിക്കുന്നത്​ മാത്രമാണെന്നും പകര്‍ച്ചവ്യാധിക്കുള്ള സാധ്യതകള്‍ വിരളമാണെന്നുമാണ്​ വിദഗ്​ധര്‍ പറയുന്നതെന്ന്​ ചൈനീസ്​ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്​. പക്ഷിപ്പനിയുടെ പല വകഭേദങ്ങളാണ്​ ചൈനയലുള്ളത്​. അവയില്‍ ചിലത്​ മനുഷ്യരിലേക്ക്​ പടരുന്നുണ്ട്​. കോഴിയടക്കമുള്ള പക്ഷികളെ വളര്‍ത്തുന്ന ഫാമുകളില്‍ ജോലി ചെയ്യുന്നവരെയാണ്​ പ്രധാനമായും രോഗം ബാധിക്കുന്നത്​.