പാലക്കാട്: ചെര്‍പ്പുളശേരിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന എട്ട് പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. നെല്ലായ പേങ്ങാട്ടിരി സ്വദേശി അഷ്റഫിനാണ് മര്‍ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
ഞായറാഴ്ച വൈകുന്നേരം അഞ്ചിന് ചെര്‍പ്പുളശേരി – പട്ടാമ്പി റോഡില്‍ മഞ്ചക്കലിലുള്ള ഭാരത് പെട്രോളിയത്തിലാണ് സംഭവം. പെട്രോള്‍ നിറച്ചതിന്റെ പണം ഫോണ്‍ പേ വഴി അടച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്.
ഇരുചക്രവാഹനത്തില്‍ പെട്രോള്‍ അടിക്കാനെത്തിയ രണ്ട് പേര് ഫോണ്‍ പേ വഴി പണം അടച്ചു. എന്നാല്‍ ഫോണ്‍ ഒന്ന് പരിശോധിക്കണമെന്ന് ജീവനക്കാരന് ആവശ്യപ്പെട്ടതോടെ ഇവരും ജീവനക്കാരനും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിന് പിന്നാലെ ഇവിടെനിന്ന് മടങ്ങിയ ഇവര്‍ മറ്റ് ചിലരെ കൂട്ടി ഒരു മണിക്കൂറിന് ശേഷം മടങ്ങിയെത്തുകയായിരുന്നു.
എട്ട് പേര് ചേര്‍ന്ന് ജീവനക്കാരനെ വളഞ്ഞിട്ട് തല്ലുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ പേര്‍ക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.



