ദുബായ്: ഐപിഎല്ലിലെ ആവേശകരമായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ജയം. 44 റണ്‍സിനാണ് ഡല്‍ഹി ചെന്നൈയെ അടിയറവ് പറയിച്ചത്.

സ്കോർ- ഡൽഹി 175/3 (20), ചെന്നൈ 131/7 (20)

തുടക്കം മുതല്‍ ചെന്നൈ ബാറ്റ്‌സ്മാന്‍മാരെ ഡല്‍ഹിയുടെ ബൗളര്‍മാര്‍ പിടിച്ചുകെട്ടി. ഓപ്പണര്‍മാരായ മുരളി വിജയിയും(10) ഷെയ്ന്‍ വാട്‌സണും(14) വീണ്ടും നിരാശപ്പെടുത്തി. മൂന്നാമനായത്തെിയ ഫാഫ് ഡുപ്ലസി 43 റണ്‍സ് നേടി. ഡുപ്ലസി തന്നെയാണ് ചെന്നൈ നിരയിലെ ടോപ് സ്‌കോറര്‍. കേദാര്‍ ജാദവ് 26 റണ്‍സ് നേടിയപ്പോള്‍ അവസാന ഘട്ടത്തില്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയും രവീന്ദ്ര ജഡേജയും വിജയത്തിനായി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

ഡല്‍ഹിക്കായി കാഗിസോ റബാഡ 4 ഓവറിൽ 26 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി. ആന്റിച്ച് നോര്‍ട്ടെ രണ്ടും അക്‌സര്‍ പട്ടേല്‍ ഒരു വിക്കറ്റും സ്വന്തമാക്കി. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഡല്‍ഹി പോയിന്റ് പട്ടികയില്‍ ഒന്നാമത്തെത്തി. മൂന്ന് മത്സരങ്ങള്‍ കളിച്ച ചെന്നൈയുടെ രണ്ടാമത്തെ തോല്‍വിയാണിത്.