തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കുക എന്നതാണ് എന്‍ എസ് എസിന്റെ താല്പര്യം. ഇതിനായുള്ള കരുനീക്കം എന്‍എസ്‌എസ് നേതൃത്വം ആരംഭിച്ചതായാണ് വിവരം. നിലവില്‍ ഇടത് മുന്നണിയുടെ ഭാഗമായ ആര്‍. ബാലകൃഷ്ണപിള്ള നേതൃത്വം നല്‍കുന്ന കേരളാ കോണ്‍ഗ്രസ്സ് ബി യെ യുഡിഎഫില്‍ എത്തിക്കുന്നതിനാണ് എന്‍എസ്‌എസ് നീക്കം.

ഇപ്പോള്‍ കേരളാ കോണ്‍ഗ്രസിന്റെ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയാണ്. കോണ്‍ഗ്രസിനെ സംബന്ധിച്ച്‌ പല നേതാക്കള്‍ക്കും കേരളാ കോണ്‍ഗ്രസ്സ് ബിയുടെ മടങ്ങി വരവിനോട് താല്പര്യമില്ല. എന്നാല്‍ എന്‍എസ്‌എസ് നേതൃത്വം ഇടപെട്ടാല്‍ ഈ എതിര്‍പ്പ് ഇല്ലാതാകുന്നതിന് സാധ്യതയുണ്ട്. കൊല്ലം ഡിസിസി യ്ക്കും കേരളാ കോണ്‍ഗ്രസ്സ് ബിയുടെ മടങ്ങിവരവില്‍ കടുത്ത എതിര്‍പ്പാണ്.

എന്നാല്‍ കെപിസിസിയും യുഡിഎഫും തീരുമാനമെടുത്താല്‍ ഡിസിസി അത് അംഗീകരിച്ചേക്കും. പത്തനാപുരത്ത് കേരളാ കോണ്‍ഗ്രസ്സ് ബിയും സിപിഎമ്മും തമ്മിലും സ്വര ചേര്‍ച്ചയില്‍ അല്ല. ഈ സാഹചര്യത്തിലാണ് കേരളാ കോണ്‍ഗ്രസ് ബിയെ യുഡിഎഫില്‍ എത്തിക്കാന്‍ നീക്കം നടക്കുന്നത്. എന്തായാലും ഇത് സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ യൂഡിഎഫില്‍ തുടങ്ങിയതായാണ് വിവരം. ഏറെ വൈകാതെ തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് വിവരം.