തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ കൂറുമാറിയതിന് ചലച്ചിത്ര താരം ഭാമയ്‌ക്കെതിരെ രൂക്ഷ വിമർശനമാണ് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഉയർന്നു വന്നത്. ചലച്ചിത്ര പ്രവർത്തകർ ഉൾപ്പെടെ നിരവധി പേരാണ് ഭാമയെ വിമർശിച്ച് രംഗത്തെത്തിയത്. സുഹൃത്തായി ഒപ്പം നിന്നിട്ട് ഒടുവിൽ ചതിച്ചുവെന്നാണ് ഭാമയുടെ നീക്കത്തെ പലരും വിശേഷിപ്പിച്ചത്.
സ്വന്തം ചിത്രം കണ്ണാടിയിൽ പ്രതിഫലിക്കുന്ന ഫോട്ടോയാണ് വിവാദങ്ങൾക്ക് ശേഷം നടി ആദ്യമായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. യുദ്ധങ്ങൾ സൂക്ഷിച്ച് മാത്രം തെരഞ്ഞെടുക്കണമെന്നും ചിലപ്പോഴൊക്കെ ശരി ചെയ്യുന്നതിനേക്കാൾ മികച്ചത് സമാധാനമാണെന്നും ഭാമ ഇൻസ്റ്റഗ്രാമിൽ കുറിച്ചിട്ടുണ്ട്. ശുഭാപ്തി വിശ്വാസത്തോടെയിരിക്കുകയെന്നും ഭാമ ഇൻസ്റ്റഗ്രാം സ്‌റ്റേറ്റസിൽ പങ്കുവെച്ചിട്ടുണ്ട്.
അമ്മ സംഘടനയുടെ സ്റ്റേജ് ഷോ റിഹേഴ്‌സൽ സമയത്ത് ദിലീപും ആക്രമണത്തിന് ഇരയായ നടിയും തമ്മിൽ തർക്കമുണ്ടായിരുന്നുവെന്നാണ് ഭാമ നേരത്തെ മൊഴി നൽകിയിരുന്നത്. കോടതിയിൽ ഇക്കാര്യം സ്ഥിരീകരിക്കാൻ തയ്യാറാകാത്തതിനെ തുടർന്നാണ് ഭാമ കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.



