ഏഷ്യാ കപ്പിനിടെ വാർത്തകളിൽ നിറഞ്ഞ താരമാണ് ബോളിവുഡ് നടി ഉർവശി റൗട്ടേല. ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്തുമായി ഉർവശി നടത്തിയ വാക്പോര് മാധ്യമങ്ങളിൽ വാർത്തയായിരുന്നു. ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്താൻ മത്സരം കാണാൻ ദുബൈയിലെത്തിയതു മുതൽ അവർ ഓരോ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നു. പാകിസ്താൻ പേസർ നസീം ഷായെ ചേർത്ത് നടി പോസ്റ്റ് ചെയ്ത റൊമാന്റിക് ഇൻസ്റ്റഗ്രാം റീലാണ് വാർത്തകളിൽ നിറഞ്ഞത്.
വീഡിയോ വൈറലായതിന് പിന്നാലെ പ്രതികണവുമായി രംഗത്തെത്തിയിരിക്കുകയാണ് നസീം ഷാ. ഉർവശി ആരാണ് എന്നറിയില്ലെന്നാണ് പത്തൊമ്പതുകാരൻ പ്രതികരിച്ചത്. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു നസീം. ‘നിങ്ങളുടെ ചോദ്യം കേട്ട് ചിരിക്കാൻ വരുന്നു. ഉർവശി ആരാണ്, എന്താണ് എന്നൊന്നും എനിക്കറിയില്ല. എന്റെ കളിയിൽ മാത്രമാണ് ശ്രദ്ധ. ആളുകൾ വീഡിയോ അയച്ചു തരാറുണ്ട്. എന്നാൽ എനിക്കൊരു പിടിയുമില്ല. കളി കാണാനെത്തുന്ന ആരാധകർക്ക് നന്ദിയും ബഹുമാനവുമുണ്ട്’ -നസീം പറഞ്ഞു.
ഏഷ്യാ കപ്പിൽ പാകിസ്താനു വേണ്ടി അരങ്ങേറിയ താരമാണ് നസീം ഷാ. നസീം ഷായെ ചേർത്ത് ഉർവശി പങ്കുവച്ച റീൽസിൽ നിരവധി രസകരമായ കമന്റുകളാണ് വന്നിരുന്നത്. ‘നിങ്ങളുടെ ഇൻസ്റ്റഗ്രാം സ്റ്റോറി തീയാണ്. പക്ഷേ, ഞങ്ങളുടെ കുട്ടിയെ തൊട്ടുവേണ്ട. അവന് ബൗളിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കണം’ എന്നാണ് പാക് വാർത്താ ചാനലായ അരിന്യൂസിന്റെ ചീഫ് എഡിറ്റർ അനീസ് ഹനീഫ് പറഞ്ഞത്.



