കോഴിക്കോട്: വിദേശത്തുനിന്ന് എത്തിയ പ്രവാസികൾക്കു പൊതുസദസിൽ സ്വീകരണം നൽകിയ മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരേ കേസ്. കോഴിക്കോട് കൂരാച്ചുണ്ടിൽ കഴിഞ്ഞ ദിവസമാണു കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ഷാർജയിൽ നിന്നും മടങ്ങിയെത്തിയവർക്കു സ്വീകരണം നടത്തിയത്.
കഐംസിസിസി ബാലുശേരി മണ്ഡലം ചാർട്ടേഡ് ചെയ്ത വിമാനത്തിൽ എത്തിയവർക്കായിരുന്നു സ്വീകരണം. ക്വാറന്ൈറൻ കേന്ദ്രത്തിലേക്കു കൊണ്ടുപോകേണ്ട പ്രവാസികളെ പഞ്ചായത്ത് ഓഫീസിൽ എത്തിച്ചു പ്ലക്കാർഡും ബാനറുകളുമായി സ്വീകരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.
ഇതേതുടർന്ന്, ഹെൽത്ത് ഇൻസ്പെക്ടറും കൂരാച്ചുണ്ട് ഡിവൈഎഫ്ഐയും നൽകിയ പരാതിയിലാണ് ലീഗ് പ്രവർത്തകർക്കെതിരേ കേസെടുത്തത്. കൂരാച്ചുണ്ട് പഞ്ചായത്ത് വൈസ് പ്രസിഡന്റും ലീഗ് നേതാവുമായ ഒ.കെ അമ്മത് ഉൾപ്പെടെ ഒന്പതു പേർക്കെതിരേ പകർച്ചവ്യാധി നിരോധന നിയമപ്രകാരമാണ് കേസ്.
പ്രവാസികൾ നാട്ടിലെത്തിയാൽ പതിനാല് ദിവസത്തെ നിർബന്ധിത ക്വാറന്ൈറൻ വേണമെന്ന നിർദേശം ലംഘിച്ചായിരുന്നു സ്വീകരണ പരിപാടി. എന്നാൽ കേസ് രാഷ്ട്രീയപ്രേരിതമെന്നു വൈസ് പ്രസിഡന്റ് ഒ.കെ. അമ്മത് പറഞ്ഞു.



