ഗഫൂ‍ര്‍ വൈ ഇല്ല്യാസിന്റെ പുതിയ മലയാള സിനിമയായ ‘ചലച്ചിത്രം’ വേറിട്ട അറബിക് പോസ്‌റ്റര്‍ റിലീസ് ചെയ്‌തു. ആഡ്‌സ് ഫിലിം കമ്ബനി നിര്‍മിക്കുന്ന ചിത്രം വ്യത്യസ്‌ത പേരുകൊണ്ടും, ഗിന്നസ് അവാര്‍ഡ് പരിഗണനകൊണ്ടും വേറിട്ട പോസ്‌റ്റര്‍ രീതികൊണ്ടും പ്രേക്ഷകപ്രതീക്ഷ നേടിയ ചിത്രമാണ്.

നൈജീരിയക്കാര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് ‘ചലച്ചിത്രം’. നൈജീരിയക്കാരായ മോസസ് ഒയേലേരേയും, ടോസിന്‍ അന്ന ഫോലയനുമാണ് കേന്ദ്രകഥാപാത്രങ്ങള്‍. സുദര്‍ശനന്‍ ആലപ്പിയും ചിത്രത്തില്‍ നായക വേഷങ്ങളിലെത്തുന്നുണ്ട്. ഉയരക്കുറവുള്ള സുദര്‍ശനന്‍ അല്‍ഭുത ദ്വീപ് എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

ആലപ്പി സുദര്‍ശന്‍ എന്നറിയപ്പെടുന്ന ഇദ്ദേഹം നാടകങ്ങളിലൂടെയും കോമഡി ഷോകളിലൂടെയും ശ്രദ്ധനേടിയ വ്യക്‌തിയാണ്‌. മൂന്നടിയാണ് ഇദ്ദേഹത്തിന്റെ പൊക്കം. വയലാര്‍ നാടക വേദി, കൊല്ലം ഐശ്വര്യ, കൊല്ലം യൂണിവേഴ്‌സല്‍ തുടങ്ങിയ നാടക സമിതികളിലും കോട്ടയം കലാഭാവന, തിരുവനന്തപുരം കലാസാഗര്‍, കൊച്ചിന്‍ ഗിന്നസ് തുടങ്ങിയ മിമിക്രി ട്രൂപ്പുകളിലും സുദര്‍ശന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ‘ആലപ്പുഴ സുദര്‍ശന്‍ ആന്‍ഡ് ടീം’ എന്നപേരില്‍ ഇദ്ദേഹത്തിന് സ്വന്തമായി ഒരു ട്രൂപ്പുമുണ്ട്.

ഗഫൂര്‍ വൈ ഇല്യാസ് തന്നെയാണ് കഥയും തിരക്കഥയും ചെയ്യുന്നത്. പ്രവാസികളുടെ കഥ പറയുന്ന ‘ചലച്ചിത്രം’ വെറും ‘മൂന്ന് സാങ്കേതിക പ്രവര്‍ത്തകര്‍’ മാത്രമുള്ള സിനിമയാണ്. സംവിധായകന്​ പു​റ​മെ ക്യാമറാമാനും എ​ഡി​റ്റ​റും മാത്രമാണ് ഈ സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകര്‍. ലോകത്ത് ഏറ്റവുംകുറവ് സാങ്കേതിക പ്രവര്‍ത്തകരെ ഉപയോഗിച്ച സിനിമ എന്നനിലയില്‍ ഗിന്നസ് ബുക്കിന്റെ ലോക റെക്കോര്‍ഡ്‌ പരിഗണയിലുള്ള സിനിമയാണ് ‘ചലച്ചിത്രം’.

കലാഭവന്‍ ഷാജോണ്‍ നായകനായെത്തി, 2017ലിറങ്ങിയ ‘​പരീത് പണ്ടാരി’യാണ് ഗഫൂ‍ര്‍ വൈ ഇല്ല്യാസിന്റെ ആദ്യചിത്രം. പി ശിവപ്രസാദ് വാര്‍ത്താ പ്രചരണം നിര്‍വഹിക്കുന്ന സിനിമ ദുബായിലാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ‘ചലച്ചിത്രം’ ഉടനെ പ്രേക്ഷകരിലേക്ക് എത്തും. ‘ചലച്ചിത്രം പ്രൊഡക്ഷന്‍സ്’ എന്ന കമ്ബനിയാണ് നിര്‍മാണം നിര്‍വഹിക്കുന്നത്. സിനിമയുടെ പ്രൊജക്‌ട് ഡിസൈനറായി ബാദുഷ എന്‍എം വരുമ്ബോള്‍ ടോണ്‍സ് അലക്‌സാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ടിനു കെ തോമസ് എഡിറ്റിങ്ങും, സംഗീതം ക്രിസ്‌റ്റി ജോബിയും, ഡിസൈന്‍ അനുലാലും നിര്‍വഹിക്കുന്നു.