മിസ്സിസാഗ ∙ കാനഡയിലെ ഏറ്റവും പ്രമുഖ ഇന്ത്യൻ കൂട്ടായ്മയായ ‘പനോരമ ഇന്ത്യ’ സ്വാതന്ത്ര്യദിനാഘോഷങ്ങളോടനുബന്ധിച്ച് ഇക്കുറി ചരിത്രയാത്രയൊരുക്കും. ടൊറന്റോ ഡൗൺടൗണിനെ ത്രിവർണസമുദ്രമാക്കി മാറ്റാറുള്ള ഇന്ത്യഡേ ആഘോഷങ്ങൾ മഹാമാരിയുടെ പശ്ചാത്തലത്തിൽ ഡ്രൈവ് ത്രൂ പരേഡ് ആയി മാറുന്നതോടെയാണിത്. ഇന്ത്യ ദിനാഘാഷ പരിപാടികളോടനുബന്ധിച്ച് ഞായറാഴ്ച മിസ്സിസാഗയിലെ പാരമൗണ്ട് സ്പോർട്സ് സെന്ററാണ് പരേഡിന് അരങ്ങൊരുക്കുന്നത്. മുൻകൂട്ടി റജിസ്റ്റർ ചെയ്ത എണ്ണൂറിലേറെ വാഹനങ്ങൾക്കാണ് പ്രവേശനം. പനോരമ ഇന്ത്യ ഡ്രൈവ് ത്രൂ പരേഡിനോടനുബന്ധിച്ച് ഞായറാഴ്ച രാത്രി ഒൻപതിന് സിഎൻ ടവർ ത്രിവർണ പ്രകാശഗോപുരമായി മാറും. ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് മിസ്സിസാഗ, ബ്രാംപ്ടൺ നഗരങ്ങളിലെ ക്ലോക്ക് ടവറുകളിലും രാത്രി എട്ടരയ്ക്ക് മൂവർണം നിറയും.

സ്വന്തം വാഹനത്തിന്റെ സുരക്ഷയിൽ ഇന്ത്യൻ കലാ-സാംസ്കാരിക ലോകത്തേക്കുള്ള ഒരു യാത്രയാണ് ഡ്രൈവ് ത്രൂ പരേഡ് വിഭാവനം ചെയ്യുന്നതെന്ന് പനോരമ ഇന്ത്യ ചെയർപഴ്സൺ സുമീത കോഹ്‌ലി പറഞ്ഞു. റജിസ്ട്രേഷൻ തുടങ്ങി ചുരുങ്ങിയ സമയത്തിനുള്ളിൽതന്നെ അനുവദനീയമായ വാഹനങ്ങൾ ബുക്ക് ചെയ്തു കഴിഞ്ഞു. ഇന്ത്യയിലെ പതിനാറ് സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന സംഘങ്ങൾ പരേഡിന് ഭാരതീയത്തനിമ പകരുക. രാവിലെ പത്തര മുതൽ വൈകിട്ട് എട്ട് വരെ നീളുന്ന പരേഡ് മുപ്പതിലേറെ ടിവി ചാനലുകളിലും ഓൺലൈൻ ചാനലുകളിലും പനോരമ ഇന്ത്യ വെബ്സൈറ്റിലും സമൂഹമാധ്യമ പേജുകളിലും തൽസമയം സംപ്രേഷണം ചെയ്യും. വാഹനം റജിസ്റ്റർ ചെയ്യാൻ അവസരം ലഭിക്കാത്തവർക്കും പരേഡിൽ പങ്കെടുക്കുന്നവർക്കാകട്ടെ അതിനു മുൻപും ശേഷവും ആഘോഷപരിപാടികൾ ആസ്വദിക്കാനും ഇതവസരമൊരുക്കുമെന്നും സുമീത വിശദീകരിച്ചു.

രാവിലെ പത്തരയ്ക്കാണ് ഉദ്ഘാടനം. ടൊറന്റോയിലെ ഇന്ത്യൻ കോൺസൽ ജനറൽ അപൂർവ ശ്രീവാസ്തവയ്ക്കു പുറമെ ഭരണ-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കും. തുടർന്ന് പതിനൊന്നേകാലിന് ഡ്രൈവ് പരേഡ് ഓപ്പണിങ് മാർച്ച്. പതിനൊന്നര മുതലാണ് വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന ഫ്ലോട്ടുകളും സാംസ്കാരിക പരിപാടികളും. ഏറ്റവും മികച്ച ഫ്ലോട്ടിന് ഓൺലൈനിൽ വോട്ട് ചെയ്യാൻ പൊതുജനങ്ങൾക്കും അവസരമുണ്ടാകും. ഉച്ചയ്ക്ക് പന്ത്രണ്ട് മുതൽ എട്ട് വരെയാണ് വോട്ടിങ്. പരേഡ് അവസാനിക്കുന്ന വൈകിട്ട് ഏഴിന് ഹാസ്യതാരം ചന്ദൻ പ്രഭാകർ ടൊറന്റോയിലെ ആരാധകരുമായി ഓൺലൈൻ ആയി ഒരു മണിക്കൂറോളം സംസാരിക്കും.

റജിസ്ട്രേഷനൊപ്പം അനുവദിച്ച സമയത്ത് എത്തുന്നവർക്ക് രണ്ടു പരിപാടികളെങ്കിലും നേരിൽ ആസ്വദിക്കാനാകും. ഇന്ത്യൻ പതാക നൽകിയാണ് പരേഡിന് എത്തുന്നവരെ സംഘാടകർ വരവേൽക്കുക. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും പ്രവേശനം. ഐസിഐസിഐ ബാങ്ക് ഇന്ത്യൻ ഹാർട് ക്ലബ്, ടൂറിസം മിസ്സിസാഗ, എച്ച്എസ്ബിസി ബാങ്ക്, എസ്ബിഐ കാനഡ ബാങ്ക്, മിസ്സിസാഗ സിറ്റി, ദ് കോട്ടമാർട്ടി ഗ്രൂപ്പ് എന്നിവരാണ് പ്രധാന പ്രായോജകർ.

പരേഡിനോടനുബന്ധിച്ച് ഫുഡ് ഡ്രൈവും ഒരുക്കുന്നുണ്ട്. പൊതുജനങ്ങളിൽനിന്നു ലഭിക്കുന്ന ഭക്ഷ്യവിഭവങ്ങൾ സേവാ ഫുഡ് ബാങ്ക്, സായ് ദാം ഫുഡ് ബാങ്ക് എന്നിവർക്കു കൈമാറും. പരേഡ് ദിവസം ചസ്ക, കിർത്തിഡ കിച്ചൻ എന്നിവരാണ് ഭക്ഷണം നൽകുക. മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമേ ഇവ വാങ്ങാനാകൂ. ഇന്ത്യ ദിനാഘോഷങ്ങളോടനുബന്ധിച്ച് കുട്ടികൾക്കായി നടത്തിയ ആർട് കോംപറ്റീഷൻ, വെർച്വൽ എക്സ്പോ എന്നിവയ്ക്കും മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സംഘാടകർ അറിയിച്ചു. ഓഗസ്റ്റ് 22 ഞായറാഴ്ച വൈകിട്ട് ഏഴിന് നടക്കുന്ന നമസ്തേ ലൈവിൽ മികച്ച ഫ്ലോട്ട് ഉൾപ്പെടെ വിവിധ മൽസരങ്ങളിലെ വിജയികളെ പ്രഖ്യാപിക്കും. പിന്നണി ഗായിക ജോനിത ഗാന്ധിയും ഒപ്പംചേരും.

സുമീത കോഹ്‌ലി അധ്യക്ഷയായ പനോരമ ഇന്ത്യ ബോർഡിൽ ജനക് ഭവ്നാനി (സിഎഫ്ഒ), സഞ്ജയ് അഗർവാൾ (വൈസ് ചെയർ), വൈദേഹി ഭഗത് (വൈസ് ചെയർ), തോമസ് കെ. തോമസ്, അനുഷ അയ്യർ, അരുൺ ചൗഹാൻ, തൻവീർ കൗർ, ഷിബാനി സാഹ്നി എന്നിവരാണ് മറ്റ് ഡയറക്ടർമാർ. കൂടുതൽ വിവരങ്ങൾക്കും ഡ്രൈവ് ത്രൂ പരേഡ് ലൈവ് ആയി കാണുന്നതിനും മികച്ച ഫ്ലോട്ടിന് വോട്ട് ചെയ്യാനും സന്ദർശിക്കുക: www.panoramaindia.org