ന്യൂഡല്‍ഹി: ടോക്കിയോയില്‍ നിന്ന് ചരിത്ര നേട്ടവുമായി ഇന്ത്യന്‍ ഒളിമ്ബിക്‌സ് സംഘം ഇന്ന് ന്യൂഡല്‍ഹിയില്‍ തിരിച്ചെത്തും. വൈകീട്ട് ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ രണ്ട് സംഘങ്ങളായി എത്തുന്ന കായിക താരങ്ങള്‍ക്ക് ഉജ്ജ്വല സ്വീകരണം നല്‍കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാരും വിവിധ സ്‌പോര്‍ട്‌സ് അസോസിയേഷനുകളും.

മെഡല്‍ വേട്ടയില്‍ പുതുചരിത്രം കുറിച്ച സംഘം ഇന്ന് പുലര്‍ച്ചെ ടോക്കിയോയില്‍ നിന്ന് യാത്ര തിരിച്ചു. കൊറോണ ഭീതിയിലും മികച്ച രീതിയില്‍ ഒളിമ്ബിക്‌സ് സംഘടിപ്പിക്കാന്‍ ജപ്പാന്‍ അധികൃതര്‍ക്കായെന്ന് താരങ്ങള്‍ പ്രതികരിച്ചു.

ആകെ ഇന്ത്യ 7 മെഡലുകള്‍ നേടി.നീരജ് ചോപ്ര നേടിയ സ്വര്‍ണ്ണമെഡല്‍ നേട്ടത്തിനുപുറമെ മീരാ ഭായ് ചാനു വനിതകളുടെ ഭാരോദ്വാഹനത്തിലും ഗുസ്തിയില്‍ രവികുമാര്‍ ദാഹിയയും വെള്ളി മെഡല്‍ നേട്ടത്തിനുടമകളായി. ഇടിക്കൂക്കൂട്ടില്‍ നിന്ന് ലവ്‌ലിന ബോര്‍ഗോഹെയ്ന്‍, ഹോക്കിയില്‍പുരുഷ ടീം, ബാറ്റ്മിന്റനില്‍ പി. വി. സിന്ധു, പുരുഷന്‍മാരുടെ ഫ്രീസ്റ്റയില്‍ ഗുസ്തിയില്‍ ബജ്‌രംഗ് പൂനിയ എന്നിവര്‍ വെങ്കലം സ്വന്തമാക്കി.

മെഡല്‍ നേടാനായില്ലെങ്കിലും വനിതാ ഹോക്കി ടീമിന്റെ പ്രകടനം ശ്രദ്ധേയമായി. വെങ്കലപ്പോരാട്ടത്തില്‍ കരുത്തരായ ബ്രിട്ടനോട് മൂന്നിനെതിരെ നാലുഗോളുകള്‍ക്ക് പരാജയപ്പെട്ടപ്പോഴും തല ഉയര്‍ത്തിപ്പിടിച്ചാണ് ടോക്കിയോയില്‍ നിന്ന് മടങ്ങുന്നത്. 41 വര്‍ഷങ്ങള്‍ക്കുശേഷം ഹോക്കിയില്‍ മിന്നുന്ന സാന്നിധ്യമറിയിച്ചാണ് റാണി രാംപാലും സംഘവും പോരാടിയത്. പുരുഷന്‍മാരുടെ 4*400 മീറ്റര്‍ റിലേയില്‍ ഇന്ത്യന്‍ സംഘത്തിന് ഫൈനല്‍ യോഗ്യത നേടാനായില്ലെങ്കിലും ഏഷ്യന്‍ റെക്കോര്‍ഡ് കുറിച്ചു.

ഒളിമ്ബിക്‌സ് ചരിത്രത്തില്‍ ആദ്യമായി ഒരു ഇന്ത്യന്‍ വനിത ഗോള്‍ഫര്‍ നാലാം സ്ഥാനത്തെത്തി. അഥിതി അശോകാണ് എല്ലാവരേയും അത്ഭുതപ്പെടുത്തിയ പ്രകടനം നടത്തിയത്. ലോക റാങ്കിങില്‍ 200-ാം സ്ഥാനത്തുണ്ടായിരുന്ന താരം മെഡല്‍ പ്രതീക്ഷയില്ലാതെയായിരുന്നു ടോക്കിയോയിലേക്ക് പറന്നത്.