ചണ്ഡിഗഡ്: പഞ്ചാബിലെ ഇന്ത്യ-പാക് അതിര്‍ത്തിക്ക് സമീപത്തുള്ള വയലില്‍ നിന്ന് തോക്കുകളും വെടിക്കോപ്പുകളും ഒളിപ്പിച്ച ബാഗ് ബി.എഫ്.എഫ് കണ്ടെടുത്തു. ഫിറോസ്പൂര്‍ ജില്ലയില്‍ അതിര്‍ത്തിയോട് ചേര്‍ന്ന സ്ഥലത്ത് കണ്ടെത്തിയ ബാഗില്‍ മൂന്ന് എ.കെ 47 തോക്കുകളും, രണ്ട് എം -16 റൈഫിളുകളും ബുള്ളറ്റുകളുമാണ് ഉണ്ടായിരുന്നത്.
ശനിയാഴ്ച രാവിലെ ഏഴു മണിയോടെയാണ് ഒഴിഞ്ഞ പ്രദേശത്തുനിന്നും ബാഗ് കണ്ടെത്തിയത്. എ.കെ 47നില്‍ നിറക്കാവുന്ന 91 റൗണ്ട് തിരകളും വെടിയുണ്ടകളും, എം-16ല്‍ ഉപയോഗിക്കാവുന്ന 57 റൗണ്ട് തിരകളും ബാഗിലുണ്ടായിരുന്നു.
രാജ്യാന്തര അതിര്‍ത്തിയോട് ചേര്‍ന്ന് പഞ്ചാബിലെ ഫിറോസ്പൂര്‍ ജില്ലയിലെ അബോഹര്‍ വഴി പാകിസ്താനില്‍ നിന്നും എത്തിച്ചതാണ് വെടിക്കോപ്പുകെളന്ന് സംശയിക്കുന്നതായി സേന ഉദ്യോഗസ്ഥന്‍ അറിയിച്ചു.



