ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷിനെ വധിച്ച കേസില്‍ പ്രതികളിലൊരാള്‍ക്കെതിരെ ചുമത്തിയ കുറ്റം ഒഴിവാക്കിയ സംഭവത്തില്‍ കര്‍ണാടക സര്‍ക്കാരിനും ബന്ധപ്പെട്ട കക്ഷികള്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. ഗൗരി ലങ്കേഷിെന്‍റ സഹോദരിയും സംവിധായകയുമായ കവിത ലങ്കേഷ് നല്‍കിയ പ്രത്യേക ഹരജി പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ ഇടപെടല്‍.
ഗൗരി ലങ്കേഷ് വധക്കേസിലെ മുഖ്യപ്രതികളെ ഒളിവില്‍ പാര്‍പ്പിക്കാന്‍ സഹായിച്ച ആറാം പ്രതിയായ മോഹന്‍ നായകിനെതിരെ കര്‍ണാടക സംഘടിത കുറ്റകൃത്യം തടയല്‍ നിയമപ്രകാരം (കെ.സി.ഒ.സി.എ) ചുമത്തിയ കുറ്റം കര്‍ണാടക ഹൈകോടതി റദ്ദാക്കിയതിനെതിരെയാണ് കവിത ലങ്കേഷ് സുപ്രീം കോടതിയെ സമീപിച്ചത്. തനിക്കെതിരായ കുറ്റകൃത്യങ്ങള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ മോഹന്‍ നായക് ഹൈകോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. വാദം പൂര്‍ത്തിയായ ജാമ്യാപേക്ഷയില്‍ വിധി പ്രസ്താവിച്ചിട്ടില്ല.
കവിത ലങ്കേഷ് നല്‍കിയ ഹരജി പരിഗണിക്കുന്നതുവരെ പ്രതിക്ക് ജാമ്യം നല്‍കരുതെന്നും ജസ്റ്റിസ് എ.എം ഖാന്‍വിക്കര്‍, ദിനേഷ് മഹേശ്വരി, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് നിര്‍ദേശിച്ചു. സംഘടിത കുറ്റകൃത്യം തടയല്‍ നിയമപ്രകാരമുള്ള കുറ്റം മാത്രമാണ് ഹൈകോടതി റദ്ദാക്കിയത്. അതിനാല്‍ തന്നെ പ്രതിയുടെ ജാമ്യാപേക്ഷയില്‍ റദ്ദാക്കിയ ഉത്തരവ് സ്വാധീനിക്കപ്പെടാന്‍ പാടില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
സംഭവത്തില്‍ വിശദീകരണം തേടിക്കൊണ്ടാണ് കര്‍ണാടക സര്‍ക്കാരിനും മറ്റു കക്ഷികള്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചത്. ഹരജി ജൂലൈ 15ന് വീണ്ടും പരിഗണിക്കും. ഇക്കഴിഞ്ഞ ഏപ്രില്‍ 22നാണ് മോഹന്‍ നായകിനെതിരെ കെ.സി.ഒ.സി.എ നിയമ പ്രകാരം ചുമത്തിയ കുറ്റകൃത്യങ്ങള്‍ ഹൈകോടതി റദ്ദാക്കിയത്. തുടര്‍ന്ന് അന്വേഷണ സംഘം അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയശേഷം പ്രതികളെ ഒളിവില്‍ പാര്‍പ്പിക്കുന്നതില്‍ സജീവമായി ഇടപെട്ട പ്രതിയാണ് മോഹന്‍ നായകെന്നും മുഖ്യ പ്രതികളുമായി മോഹന്‍ നായക് ഗൂഡാലോചന നടത്തിയിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ടെന്നുമാണ് കവിത ലങ്കേഷ് സുപ്രീം കോടതിയില്‍ നല്‍കിയ ഹരജിയില്‍ വ്യക്തമാക്കിയത്.



