ഗുരുവായൂര്‍ : ക്ഷേത്രജീവനക്കാര്‍ക്ക് കോവിഡ് വ്യാപനമുണ്ടായ സാഹചര്യത്തില്‍ ശനിയാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്ക് ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കില്ല . കല്യാണങ്ങളും നിര്‍ത്തിവെച്ചു . എന്നാല്‍ ശനിയാഴ്ചത്തേക്ക് ബുക്ക് ചെയ്തിട്ടുള്ള കല്യാണങ്ങള്‍ നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട് . ക്ഷേത്രം നില്ക്കുന്ന ഇന്നര്‍ റിങ് റോഡ് കണ്ടെയ്ന്മെന്റ് സോണാക്കി പ്രഖ്യാപിച്ചിട്ടുണ്ട് .
ക്ഷേത്രത്തിലെ 153 ജീവനക്കാരില്‍ നടത്തിയ പരിശോധനയിലാണ് 22 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് . ഇതിനുപുറമെ, കഴിഞ്ഞ ദിവസങ്ങളില്‍ 24 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഇതേത്തുടര്‍ന്ന് കളക്ടര്‍ എസ്. ഷാനവാസ്, ദേവസ്വം ചെയര്മാന് കെ.ബി. മോഹന്‍ദാസ് എന്നിവരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നാണ് അടിയന്തര നടപടിയെടുത്തത്.
ഭക്തരുടെ പ്രവേശനം നിര്‍ത്തിവച്ചെങ്കിലും ക്ഷേത്രത്തില്‍ ചടങ്ങുകള്‍ മുറതെറ്റാതെ നടക്കും. പാരമ്പര്യ പ്രവൃത്തികള്‍ക്ക് മാറ്റമില്ല. നേരത്തെ ലോക്ഡൗണ്‍ സമയങ്ങളിലുണ്ടായിരുന്നത് പോലെ പാരമ്പര്യ പ്രവൃത്തിയെടുക്കുന്നവരും ജീവനക്കാരുമായ ചുമതലക്കാരെ മാത്രമേ ശനിയാഴ്ച മുതല്‍ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കൂ. ക്ഷേത്രപരിസരം ഒരാഴ്ചത്തേയ്ക്കാണ് കണ്ടെയ്ന്മെന്റ് സോണാക്കിയിട്ടുള്ളത്.
ദേവസ്വം ഓഫീസിലും ആനക്കോട്ടയിലുമായി 1500-ലേറെ പേരെ അടുത്ത ദിവസങ്ങളില്‍ പരിശോധിക്കും. സ്ഥിതി ശാന്തമായാലേ ക്ഷേത്രത്തിലേക്കുള്ള പ്രവേശനം പുനഃസ്ഥാപിക്കാവൂ എന്ന് ആരോഗ്യവിഭാഗം ദേവസ്വത്തെ അറിയിച്ചിട്ടുണ്ട്. മാത്രമല്ല, വെര്‍ച്വല്‍ ദര്ശനത്തിനുള്ളവര് കോവിഡില്ലാ സര്‍ട്ടിഫിക്കറ്റും കൊണ്ടുവരേണ്ടിവരും.



