റിയാദ് : 580 ഇന്ത്യന്‍ തടവുകാര്‍ കൂടി സൗദിയില്‍ നിന്നും നാട്ടിലേക്ക് മടങ്ങി. സൗദിയിലെ വിവിധ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിഞ്ഞിരുന്ന ഇവര്‍ ബുധനാഴ്ച രണ്ട് വിമാനങ്ങളിലായാണ് നാട്ടിലേക്ക് മടങ്ങിയത്. റിയാദില്‍ നിന്ന് സൗദി എയര്‍ലൈന്‍സിന്റെ രണ്ട് വിമാനങ്ങളിലായി ഡല്‍ഹിയിലേക്ക് 335ഉം ലക്‌നൗവിലേക്ക് 245ഉം തടവുകാരാണ് പുറപ്പെട്ടത്. സെപ്തംബര്‍ 23 മുതല്‍ ഇതുവരെ 1162 തടവുകാരെ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അന്താരാഷ്ട്ര വിമാനസര്‍വിസ് നിര്‍ത്തിവെച്ചപ്പോള്‍ തടവുകാരുടെ തിരിച്ചയക്കല്‍ തടസപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് റിയാദിലെയും ജിദ്ദയിലെയും നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ ഇന്ത്യാക്കാരുടെ എണ്ണം വര്‍ദ്ധിച്ചു. തുടര്‍ന്ന് ഇന്ത്യന്‍ എംബസി സൗദി കാര്യാലയങ്ങളുമായി ഇടപെട്ട് മെയ് മാസത്തില്‍ 500 പേരെ റിയാദില്‍ നിന്നു മടക്കി അയച്ചിരുന്നു. അതിന് ശേഷം നീണ്ട ഇടവേളയുണ്ടായി. പിന്നീട് സെപ്തംബര്‍ 23ന് വീണ്ടും തിരിച്ചയക്കല്‍ നടപടി ആരംഭിക്കുകയായിരുന്നു.