കാർഷിക നിയമങ്ങൾക്കെതിരെ സമരം നയിക്കുന്ന കർഷകർക്ക് പിന്തുണയുമായി കോൺഗ്രസ് എംപിമാർ. ശശി തരൂർ ഉൾപ്പെടെയുള്ള എംപിമാരാണ് ജന്തർ മന്ദറിൽ പ്രതിഷേധിക്കുന്നത്.
ജനങ്ങളുടെ ചിന്ത മനസിലാക്കാതെ കേന്ദ്രസർക്കാർ തിരക്കിട്ട് നീങ്ങിയെന്ന് ശശി തരൂർ പറഞ്ഞു. കർഷകരെ സർക്കാർ കേൾക്കാൻ തയ്യാറാകണം. വിഷയം ചർച്ച ചെയ്യാൻ പാർലമെന്റ് സമ്മേളനം വിളിക്കണമെന്നും ശശി തരൂർ പറഞ്ഞു. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എംപിമാർ കഴിഞ്ഞ അഞ്ച് ദിവസമായി ജന്തർ മന്ദറിൽ ധർണയിരിക്കുകയാണ്.
അതേസമയം, കാർഷിക നിയമങ്ങൾക്കെതിരെ നാളെ നിരാഹാര സമരം നടത്തുന്ന പശ്ചാത്തലത്തിൽ ഡൽഹിയിലേക്ക് പുറപ്പെട്ട കർഷകരെ പൊലീസ് തടഞ്ഞു. രാജസ്ഥാൻ-ഹരിയാന അതിർത്തിയിലെ ഷാജഹാൻപൂരിൽവച്ചാണ് കർഷകരെ പൊലീസ് തടഞ്ഞത്. അതിർത്തിയിൽ പൊലീസിനൊപ്പം സൈന്യത്തേയും വിന്യസിച്ചിട്ടുണ്ട്. ജയ്പൂർ-ഡൽഹി ദേശീയപാത അടച്ചു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ആയിരത്തിൽപരം കർഷകർ റോഡ് ഉപരോധിക്കുകയാണ്.