ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതിന് പിന്നിലെ കാരണം വ്യക്തമാക്കി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. കോവിഡ് കേസുകള്‍ ഉയരാന്‍ കാരണമായത് പരിശോധന ഇരട്ടിയാക്കിയതാണെന്നും കേജരിവാള്‍ കൂട്ടിച്ചേര്‍ത്തു.കേസുകള്‍ വര്‍ധിക്കുന്നതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയില്‍ കോവിഡ് സ്ഥിതി പൂര്‍ണ നിയന്ത്രണത്തിലാണെന്ന് ഉറപ്പ് പറയാനാകും. എന്നാല്‍ അലംഭാവം കാണിക്കാന്‍ പാടില്ല. കോവിഡ് മൂലമുള്ള ഏത് സാഹചര്യത്തെയും നേരിടാന്‍ സര്‍ക്കാര്‍ തയാറാണ്. കോവിഡ് മരണങ്ങള് കുറയ്ക്കാന്‍ സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ ഡല്‍ഹിയിലെ സ്ഥിതി വഷളായതായി കരുതരുത്. ഒരു ദിവസത്തെ പരിശോധന 20,000 ല്‍ നിന്ന് 40,000 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ബസ് സ്റ്റാന്‍ഡുകളിലും മാര്‍ക്കറ്റുകളിലും പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കേജരിവാള്‍ പറഞ്ഞു.



