ഫിലഡൽഫിയ∙ പ്രഫ.കോശി തലയ്ക്കൽ രചിച്ച” ജുസപ്പെ” എന്ന കവിത, മാനവീകത നിറഞ്ഞതാണെന്നു ഫിലഡൽഫിയാ മലയാള സാഹിത്യ വേദി സംഘടിപ്പിച്ച കാവ്യാസ്വാദന സമ്മേളനം വിലയിരുത്തി. യഥാർത്ഥ മാധവ സേവ (ഈശ്വര പ്രേമം), മാനവസേവയിലൂടെയാണ് എന്ന് മനോഹരമായ കാവ്യബിംബങ്ങളിലൂടെ , കാവ്യ പദസഞ്ചിന്തനങ്ങളിലൂടെ, അലങ്കാര മികവുകളിലൂടെ, ചാട്ടുളി വിമർശനങ്ങളിലൂടെ, നവീകരണ പ്രേരണകളിലൂടെ “ജുസപ്പെ” എന്ന കവിതയിൽ മൂർത്തമാക്കുവാൻ കോശി തലയ്ക്കലിന്റെ കാവ്യ ചാതുര്യം വിലസിച്ചിരിക്കുന്നു. മലയാള കാവ്യാങ്കണത്തിലെ പുണ്യദളമർമ്മര കൽപ്പനകളാൽ അനുഗൃഹീതമാണ് ” ജുസപ്പെ”.

കൊറോണാ ദുരിതം സംഹാരമാടിയ ദിനങ്ങളിൽ ഇറ്റലിയിൽ സ്വജീവൻ നഷ്ടപ്പെടുത്തി, സഹജീവിക്ക് ശ്വസന സഹായി യന്ത്രം നൽകി, സ്നേഹമഹത്വത്തെ സാക്ഷാത്ക്കരിച്ച, ജുസപ്പേ എന്ന വൈദികന്റെ, ഹൃദയ മാഹാത്മ്യത്തെ ഉപലാളിച്ചാണ്, കോശി തലയ്ക്കൽ കവിത രചിച്ചിരിക്കുന്നത്.

പ്രഫ. കോശി തലയ്ക്കൽ “ജുസപ്പെ” എന്ന കവിത പാരായണം ചെയ്തു. ഫിലഡൽഫിയാ മലയാള സാഹിത്യവേദി സെക്രട്ടറി ജോർജ് നടവയൽ സ്വാഗതം ആശംസിച്ചു. പ്രശസ്ത സാഹിത്യകാരൻ അശോകൻ വേങ്ങശ്ശേരി, ചെറുകഥാകാരി ലൈലാ അലക്സ്, സാമൂഹ്യ പ്രവർത്തകൻ ജോർജ് ഓലിക്കൽ, നൃത്ത കലാകാരി ഡോ. ആനി ഏബ്രാഹം, കവിതാ രചയിതാവ് രാജൂ പടയാറ്റിൽ, റിട്ടയേഡ് കോളജ് അദ്ധ്യാപകൻ ഫീലിപ്പോസ് ചെറിയാൻ, റിട്ട. അധ്യാപകൻ ജോർജ് കുട്ടി ലൂക്കോസ്, ജോർജ് നടവയൽ എന്നിവർ ചർച്ചയിൽ ആസ്വാദനം അവതരിപ്പിച്ചു.