ചങ്ങനാശ്ശേരി : കോവിഡ് ഭീതിമൂലം ഉറ്റവരുടെ ശവസംസ്‌കാരം നടത്തുന്നതില്‍നിന്നും മാറിനിന്ന ബന്ധുക്കള്‍ക്കും മറ്റുള്ളവര്‍ക്കും മാതൃകയാകുകയാണ് പഞ്ചായത്ത് അംഗവും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന്. മാടപ്പള്ളി പഞ്ചായത്തിലെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും ആറാംവാര്‍ഡ് മെമ്പറുമായ നിധീഷ് കോച്ചേരിയാണ് കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചവരുടെ ശവസംസ്‌കാരം നടത്തുവാന്‍ നേതൃത്വം നല്‍കിയിരിക്കുന്നത്.
ഒരാഴ്ചയ്ക്കിടെ മാടപ്പള്ളി പഞ്ചായത്തില്‍ മൂന്ന് പേരാണ് കൊറോണ വൈറസ് മൂലം മരിച്ചത്. കഴിഞ്ഞ ആഴ്ച തെങ്ങണ സി.എഫ്.എല്‍.ടി. സെന്ററില്‍ കൊറോണ വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയവേ മരിച്ച കെട്ടിടംകാലായില്‍ അന്നമ്മ ഫിലിപ്പിന്റെ ശവസംസ്‌കാരമാണ് ആദ്യം നടത്തിയത്. ബുധനാഴ്ച മാമ്മൂട് ഇലവുമൂട്ടില്‍ ജോസഫ്, വ്യാഴാഴ്ച മാമ്മൂട് ചെത്തിപ്പുഴ സാബു ജേക്കബ് എന്നിവരുടെ ശവസംസ്‌കാരവും നടത്തിയിരിക്കുന്നത്.
മാമ്മൂട് ലൂര്‍ദ് മാതാ പള്ളി സെമിത്തേരിയില്‍ മൂന്ന് മൃതദേഹവും കോവിഡ് മാനദണ്ഡപ്രകാരം സംസ്കരിച്ചു. നിധീഷിനെ കൂടാതെ അഗ്നിരക്ഷാസേന വോളന്റിയര്‍ സോജി മാത്യു, റോണിമോന്‍ ജോസഫ് എന്നിവരും പി.പി.ഇ. കിറ്റ് ധരിച്ച് സംസ്‌കാരത്തിന് ഒപ്പമുണ്ടായി. കഴിഞ്ഞ ആറുമാസക്കാലമായി മാടപ്പള്ളി പഞ്ചായത്തിലെ കോവിഡ് രോഗികള്‍ക്കായി നിധീഷിന്റെ നേതൃത്വത്തില്‍ വിവിധ സേവനങ്ങളാണ് ചെയ്യുന്നത്. സി.എഫ്.എല്‍.ടി. സെന്ററുകളില്‍ നിരീക്ഷണത്തിലും ചികിത്സയിലും കഴിയുന്നവര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ കൃത്യമായി ചെയ്തുവരുന്നു. ജെ.എച്ച്.ഐ.മാരായ അലിയാര്കുഞ്ഞ്, രാജ്കുമാര്‍, വാര്‍ഡ് മെമ്പര്‍ ആന്‍സി ജോസഫ് എന്നിവരും വേണ്ട സഹായങ്ങള്‍ നല്കി. പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചും ആരോഗ്യ വകുപ്പ് അധികൃതരുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ചുമാണ് ശവസംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്.