കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നടപടികളുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം.ഇതേതുടര്‍ന്ന് ആരോഗ്യ മന്ത്രാലയ നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും കര്‍ശനമായി നടപ്പിലാക്കുന്നതിന് ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് ഉത്തരവ് നല്‍കി.

ആരോഗ്യസുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച്‌ പരിപാടികള്‍ നടത്തപ്പെടുന്നതായി അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ചില സ്വകാര്യ പരിപാടികളുടെ പരസ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കുടുംബങ്ങളിലെ സ്വകാര്യ ചടങ്ങുകള്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമാണ്​.

ശ്​മശാനങ്ങളില്‍ കോവിഡ്​ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച്‌ അനുശോചന സംഗമങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനെതിരെ മുന്‍സിപ്പാലിറ്റി കര്‍ശന നടപടിയെടുക്കും. ആളുകൂടിയുള്ള വിവാഹ ചടങ്ങുകള്‍ക്ക്​ വിലക്ക്​ നിലവിലുണ്ടെങ്കിലും കുവൈത്തി കുടുംബങ്ങളില്‍ ഇത്തരം ചടങ്ങുകള്‍ നടക്കുന്നതായാണ്​ റിപ്പോര്‍ട്ട്​.