ചെന്നൈ: ചെന്നൈ രാജീവ്ഗാന്ധി ഗവ. ജനറല്‍ ആശുപത്രിയില്‍ നിന്ന് കാണാതായ കോവിഡ് രോഗി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി അറസ്റ്റിലായി. ആശുപത്രിയിലെ കരാര്‍ ജീവനക്കാരിയായ തിരുവൊട്ടിയൂര്‍ സ്വദേശി രതിദേവി (40) ആണ് അറസ്റ്റിലായത്. വെസ്റ്റ് താംബരം സ്വദേശി സുനിത (41) ആണ് കൊല്ലപ്പെട്ടത്.

മേയ് 24നാണ് സുനിതയെ വാര്‍ഡില്‍ നിന്ന് കാണാതായത്. ജൂണ്‍ എട്ടിന് എട്ടാം നിലയിലെ എമര്‍ജന്‍സി ബോക്‌സ് റൂമില്‍ നിന്ന് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ സംഭവം കൊലപാതകമാണെന്നും തെളിഞ്ഞു. സുനിതയെ രതിദേവി വീല്‍ചെയറില്‍ കൊണ്ടുപോയിരുന്നുവെന്ന് നേരത്തെ പോലീസിന് വിവരം ലഭിച്ചിരുന്നു.

സംഭവം കൊലപാതകമെന്ന് തെളിഞ്ഞതോടെ പോലീസ് വീണ്ടും ചോദ്യം ചെയ്യല്‍ നടത്തുകയും രതിദേവി കുറ്റം സമ്മതിക്കുകയുമായിരുന്നു. സുനിതയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയ ശേഷം രതിദേവി ഇവരുടെ പണവും മൊബൈല്‍ ഫോണും മോഷ്ടിക്കുകയും ആശുപത്രിയിലെ എട്ടാം നിലയില്‍ മൃതദേഹം ഉപേക്ഷിക്കുകയുമായിരുന്നു.