ബംഗളൂരു: രോഗമുക്തി നേടി ഷൂട്ടിംഗിനായി എത്തിയ നടന്‍ ലൊക്കേഷനില്‍ കുഴഞ്ഞുവീണ് മരിച്ചു.പ്രശസ്ത കന്നഡ ഹാസ്യതാരമായ റോക്ക് ലിന്‍ സുധാകര്‍ ആണ് ഷൂട്ടിംഗിനിടെ മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

വ്യാഴാഴ്ച ഷൂട്ടിംഗിനിടെ മേക്കപ്പ് റൂമിലേക്ക് പോയ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. അദ്ദേഹം കഴിഞ്ഞയിടെ ആയിരുന്നു കോവിഡ് രോഗമുക്തി നേടിയത്. രോഗം ഭേദമായതിനെ തുടര്‍ന്ന് ഷൂട്ടിംഗിനായി ലൊക്കേഷനിലേക്ക് എത്തുകയായിരുന്നു. പ്രശസ്ത സംവിധാകനായ യോഗരാജ് ഭട്ടിന്റെ പഞ്ചരംഗി എന്ന സിനിമയിലൂടെയാണ് സിനിമയിലേക്ക് അദ്ദേഹം എത്തിയത്. ആദ്യചിത്രം തന്നെ വളരെയധികം ശ്രദ്ധ പിടിച്ചുപറ്റി. ‘സുഗര്‍ ലെസ്സ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ആയിരുന്നു നടന്‍ കുഴഞ്ഞുവീണ് മരിച്ചത്.

അതുല്യമായ ശബ്ദത്തിന് ഉടമയായിരുന്നു സുധാകര്‍. സംഭാഷണങ്ങള്‍ കൃത്യമായ രീതിയില്‍ പറയുന്ന അദ്ദേഹത്തിനെ തേടി നിരവധി ഹാസ്യവേഷങ്ങള്‍ എത്തി. 2010ല്‍ പുറത്തിറങ്ങിയ ഒരു റൊമാന്റിക് കോമഡി ചിത്രമായിരുന്നു പഞ്ചരംഗി. ലക്ഷ്യബോധമില്ലാത്ത മകന്റെ ജീവിതത്തില്‍ അതൃപ്തനായ പിതാവായി വളരെ മികച്ച പ്രകടനം ആയിരുന്നു അദ്ദേഹം കാഴ്ച വച്ചത്.

ഭട്ടിന്റെ തുടര്‍ന്നുള്ള ചിത്രങ്ങളായ ‘പരമാത്മ’ (2011), ‘ഡ്രാമ’ (2012), ‘വാസ്തു പ്രകാര’ (2014) എന്നിവയിലും സുധാകര്‍ അഭിനയിച്ചിരുന്നു.

ഉപേന്ദ്ര സംവിധാനം ചെയ്ത ‘സൂപ്പര്‍’ (2010), സന്തോഷ് ആനന്ദ്രാമിന്റെ ‘മിസ്റ്റര്‍ ആന്‍ഡ് മിസിസ് രാമചാരി (2014) പ്രശാന്ത് രാജിന്റെ’ സൂം ‘(2016), സുനിയുടെ ‘ചമക് ‘(2017), സുരിയുടെ ‘ടഗാരു’ (2018) എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.