ന്യൂഡല്‍ഹി: ഐആര്‍എസ് ഉദ്യോഗസ്ഥനെ കാറില്‍ ആസിഡ് കുടിച്ച്‌ മരിച്ച നിലയില്‍ കണ്ടെത്തി. 56 കാരനായ ശിവരാജ് സിങ് ആണ് മരിച്ചത്. കോവിഡ് ബാധിക്കുമെന്ന ഭയത്താല്‍ ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

കാറില്‍ നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പില്‍ കോവിഡ് ബാധിക്കുമെന്ന ഭയമാണ് മരണകാരണമെന്ന് എഴുതിയിട്ടുണ്ട്. കാറില്‍ കണ്ടെത്തിയ കുപ്പി ഫോറെന്‍സിക് പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് പറഞ്ഞു. ആദായ നികുതി വകുപ്പിന്റെ ചുമതലയായിരുന്നു ശിവരാജ് സിങ്ങിന്.

ദ്വാരകയില്‍ കുടുംബത്തിനൊപ്പമാണ് ഇയാള്‍ താമസിച്ചിരുന്നത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ ശിവരാജ് വീട്ടില്‍ നിന്നിറങ്ങിയിരുന്നു. ആസിഡ് കുടിച്ച്‌ നിമിഷങ്ങള്‍ക്കുള്ളില്‍ ഇയാള്‍ സഹായത്തിനായി അലറിവിളിച്ചു

. സുരക്ഷാ ഉദ്യോഗസ്ഥരാണ് കുടുംബത്തെ വിവരമറിയിച്ചശേഷം ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. വീട്ടില്‍ മറ്റാര്‍ക്കും കോവിഡ് ബാധിക്കാതിരിക്കാനാണ് സ്വയം മരിക്കുന്നതെന്ന് ശിവരാജ് കുറിപ്പില്‍ എഴുതി. അതേസമയം ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി വിവരമില്ല.