കുവൈത്തില്‍ കോവിഡ് ബാധയേറ്റ് മരിച്ച നിര്‍ധനരായ ഇന്ത്യന്‍ ഗാര്‍ഹികത്തൊഴിലാളികളുടെ ആശ്രിതര്‍ക്ക് ഒരുലക്ഷം രൂപയുടെ സഹായധനം അനുവദിക്കുമെന്ന് ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് പ്രഖ്യാപിച്ചു. 120 ദിനാറില്‍ (29,702 രൂപ) കുറഞ്ഞ മാസശമ്ബളമുള്ളവര്‍ക്കാണ് നിലവിലെ സാഹചര്യത്തില്‍ സഹായം നല്‍കുക. ഇന്ത്യന്‍ എംബസിയില്‍നടന്ന ഓപ്പണ്‍ ഹൗസ് പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ കമ്യൂണിറ്റി സപ്പോര്‍ട്ട് ഗ്രൂപ്പുമായി സഹകരിച്ചുകൊണ്ടാണ് പദ്ധതി നടപ്പാക്കുക.

കുവൈത്തില്‍ കോവിഡ് വ്യാപനത്തിന്റെ ആദ്യനാളുകളില്‍ മരിച്ച ഒട്ടേറെ വിദേശികളെ തിരിച്ചറിയല്‍നടപടികള്‍ക്ക് മുമ്ബുതന്നെ പ്രോട്ടോകോള്‍ പ്രകാരം കബറടക്കേണ്ടിവന്നിട്ടുണ്ട്. മൃതദേഹത്തില്‍നിന്ന് ലഭിച്ച രേഖകള്‍ നോക്കി പിന്നീട് ആ മരണങ്ങള്‍ എംബസിയെ അറിയിക്കുകയാണ് ചെയ്തിരുന്നത്. ചില മരണങ്ങള്‍ കോവിഡ് മരണമായി രേഖപ്പെടുത്തിയിട്ടുമില്ല. കോവിഡ് അനുബന്ധമായ ന്യുമോണിയ, ഹൃദയാഘാതം തുടങ്ങിയവമൂലം മരിച്ചവരെയും കോവിഡ് പട്ടികയില്‍പ്പെടുത്തേണ്ടതുണ്ട്.